കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസലടക്കം നാലു പ്രതികൾ കുറ്റക്കാരാണെന്ന സെഷൻസ് കോടതി കണ്ടെത്തൽ ഹൈകോടതി സ്റ്റേ ചെയ്തില്ല. അതേസമയം, നാലു പ്രതികൾക്കും കവരത്തി കോടതി വിധിച്ച പത്ത് വർഷം തടവു ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ തങ്ങൾക്കെതിരായ ശിക്ഷയും കുറ്റക്കാരനെന്ന വിധിയും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് (സസ്പെൻഡ്) പ്രതികൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. മുഹമ്മദ് ഫൈസലിന്റെ ക്രിമിനൽ പ്രവൃത്തിക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കുറ്റവാളിയാണെന്ന കണ്ടെത്തൽ മരവിപ്പിക്കണമെന്ന വാദം കോടതി തള്ളിയത്. ശിക്ഷ സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന കണ്ടെത്തൽ നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസലിന്റെ അയോഗ്യത വീണ്ടും നിലവിൽ വന്നേക്കും.
നേരത്തേ ഫൈസൽ നൽകിയ അപ്പീലിൽ ഹൈകോടതി ശിക്ഷ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് അയോഗ്യത നീങ്ങിയിരുന്നു. ഈ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈകോടതി വിധി റദ്ദാക്കി ഉത്തരവിട്ടു. അപ്പീൽ ഹരജി ഹൈകോടതി വീണ്ടും പരിഗണിക്കണമെന്ന് നിർദേശിച്ച സുപ്രീം കോടതി, ഫൈസലിന്റെ എം.പി പദം നിലനിർത്തി. തുടർന്നാണ് വീണ്ടും സിംഗിൾബെഞ്ചിന്റെ പരിഗണനക്ക് ഹരജി എത്തിയത്. അപ്പീൽ വിശദമായി വാദം കേൾക്കാൻ മാറ്റി.
കുറ്റവാളിയെന്ന കണ്ടെത്തൽ മരവിപ്പിക്കുന്നത് അത്യപൂർവവും പ്രത്യേക സാഹചര്യവും നിലവിലുണ്ടെങ്കിൽ മാത്രമേ സാധ്യമാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധി എന്ന നിലയിൽ അയോഗ്യനാക്കപ്പെടുന്നത് പരിഗണിക്കാവുന്ന വിഷയമാണെങ്കിലും അതിനേക്കാൾ പ്രധാനപ്പെട്ട പലതും ഇക്കാര്യത്തിലുണ്ട്. മറ്റ് മൂന്ന് കേസുകളിൽ കൂടി മുഹമ്മദ് ഫൈസൽ പ്രതിയാണ്. 2009 ഏപ്രിലിൽ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ് സ്വാലിഹിനു നേരെ ആക്രമണമുണ്ടായത്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജനാധിപത്യ സംവിധാനത്തിൽ തുടരാൻ അനുവദിച്ചാൽ കുറ്റകൃത്യങ്ങൾ പെരുകും. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടും. കുറ്റവാളിയായി കണ്ടെത്തിയ ഒരാളെ ജനപ്രതിനിധിയായി തുടരാൻ അനുവദിക്കുന്നത് തെറ്റായ സന്ദേശമാവും നൽകുക -കോടതി വ്യക്തമാക്കി.ചെറിയ പരിക്ക് മാത്രമാണുണ്ടായതെന്ന പ്രതികളുടെ വാദം നിലനിൽക്കില്ല. പരിക്കേറ്റയാൾ 14 ദിവസം ചികിൽസയിലായിരുന്നു. കൗണ്ടർ കേസ് ഒന്നിച്ച് കേട്ടില്ലെന്ന വാദം നിലനിൽക്കുന്നതല്ല. ഒന്നിച്ചു കേൾക്കണമെന്ന ആവശ്യം പ്രതികൾ വിചാരണ കോടതിയിൽ ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.