കൊച്ചി: വധശ്രമ കേസിനെ തുടർന്ന് മുഹമ്മദ് ഫൈസൽ പാർലമെൻറ് അംഗത്വത്തിൽനിന്നും അയോഗ്യനാക്കപ്പെടുകയും ജില്ല- വില്ലേജ് ദ്വീപ് പഞ്ചായത്തുകളുടെ ഭരണസമിതി കാലാവധി അവസാനിക്കുകയും ചെയ്യുന്നതോടെ തിങ്കളാഴ്ച മുതൽ ലക്ഷദ്വീപിൽ ജനപ്രതിനിധികളുണ്ടാകില്ല. ഡിസംബർ 18ന് പൂർത്തിയായ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണ് ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി ഞായറാഴ്ച പൂർത്തിയാകുന്നത്.
മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27നാണ് നടക്കുക. ഇതിന്റെ ഫലം മാർച്ചിന് രണ്ടിന് പ്രഖ്യാപിക്കും. പുതിയ പാർലമെന്റ് അംഗം സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ ലക്ഷദ്വീപിൽ ജനപ്രതിനിധികളായി ആരുമുണ്ടാകില്ല. നിലവിൽ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ സ്പെഷൽ ഓഫിസർമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പത്ത് ദ്വീപുകളിലും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർമാർക്കാണ് ചുമതല.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാത്തതിനാലാണ് പ്രാദേശിക തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതെന്നാണ് വിവരം. ലക്ഷദ്വീപിലെ പത്ത് ദ്വീപുകളും ഓരോ വില്ലേജ് ദ്വീപ് പഞ്ചായത്തുകളായി കണക്കാക്കിയാണ് മുമ്പ് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, വാർഡ് വിഭജനം പൂർത്തിയാകുമ്പോൾ 18 പഞ്ചായത്തുകളായി വർധിക്കുമെന്നാണ് കരുതുന്നത്. മിനിക്കോയ്, അന്ത്രോത്ത്, കവരത്തി എന്നീ ദ്വീപുകളിൽ മൂന്ന് പഞ്ചായത്തുകൾ വീതമുണ്ടാകും. അഗത്തി, അമിനി, കടമത്ത് എന്നിവിടങ്ങളിൽ രണ്ട് വീതവും കൽപേനി, ചെത്ത് ലത്ത്, കിൽത്തൻ എന്നിവിടങ്ങളിൽ ഓരോ പഞ്ചായത്ത് വീതവുമാണ് ഉണ്ടാകുക. ജനസംഖ്യ കുറവുള്ള ബിത്ര ദ്വീപ്, ചെത്ത്ലത്തിന്റെ വാർഡായി മാറും. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസുണ്ട്. അതിനാൽ അന്തിമ ഉത്തരവ് ഹൈകോടതിയുടെ അനുമതിയോടെയേ പ്രഖ്യാപിക്കാവു എന്ന നിർദേശമുള്ളതിനാലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് ഭരിക്കുന്നത്. ഏഴ് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ കോൺഗ്രസും മൂന്നിടത്ത് എൻ.സി.പിയുമാണ് ഭരണം നടത്തിയിരുന്നത്. കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, അഗത്തി, കടമത്ത്, ചെത്ത്ലത്ത്, ബിത്ര എന്നിവിടങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയാണ് ഭരിച്ചിരുന്നത്. കൽപേനി, കിൽത്തൻ, അമിനി എന്നിവിടങ്ങളിലാണ് എൻ.സി.പി ഭരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.