കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ലക്ഷദ്വീപ് നിവാസികളുടെ നിരാഹാര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ ആഹ്വാനപ്രകാരം രാവിലെ ആരംഭിച്ച നിരാഹാര സമരം 12 മണിക്കൂർ നീളും.
നിരാഹാരം അനുഷ്ഠിക്കുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കുന്നില്ല. വാഹനങ്ങൾ നിരത്തിലിറക്കാതെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധിക്കുന്നത്. കപ്പൽ ജീവനക്കാരും പണി മുടക്കുന്നുണ്ട്. ജനങ്ങൾ വീടുകളിൽ വായമൂടിക്കെട്ടിയും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു.
ചരിത്രത്തിലെ സമ്പൂർണ ഹർത്താലിനാണ് തിങ്കളാഴ്ച ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുന്നത്. ഇതിനു മുമ്പ് 2010ൽ കവരത്തിയിലാണ് ആകെ പ്രാദേശിക ഹർത്താൽ നടന്നത്. ദ്വീപുകളിൽ അവശ്യസാധനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് കവരത്തിയിൽ അന്ന് ഹർത്താൽ നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടക്കുന്ന നിരാഹാര സമരം സൂചന മാത്രമായിരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു. വിവാദ തീരുമാനങ്ങൾ പിൻവലിക്കും വരെ പ്രതിഷേധം തുടരും. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ എല്ലാ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലും രൂപവത്കരിച്ച സബ് കമ്മിറ്റികൾ സമര പരിപാടികൾ ഏകോപിപ്പിക്കും.
ദ്വീപിലെ ബി.ജെ.പി നേതൃത്വത്തിെൻറയടക്കം പിന്തുണയോടെയാണിത്. തുടർസമര പരിപാടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.സംഘടിത പ്രതിഷേധം ഇല്ലാതാക്കുന്നതിെൻറ ഭാഗമായി അഡ്മിനിസ്ട്രേഷൻ സുരക്ഷ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടംകൂടിയാൽ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. അതേസമയം, എറണാകുളം വില്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ തിങ്കളാഴ്ച ഉച്ചക്ക് 12ന് കേരളത്തിലെ യു.ഡി.എഫ് എം.പിമാർ പ്രതിഷേധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.