തൃക്കരിപ്പൂർ: ദാമൻ ദിയു ദ്വീപിൽ നടന്ന ദേശീയ ബീച്ച് ഗെയിംസിൽ ലക്ഷദ്വീപ് ഫുട്ബാളിൽ ചാമ്പ്യൻപട്ടം നേടിയത് തൃക്കരിപ്പൂർ സ്വദേശി എം. അഹമദ് റാഷിദിന്റെ പരിശീലനത്തിൽ. നടാടെയാണ് ലക്ഷദ്വീപ് ഒരു ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടുന്നത്. ടീമിനെ പരിശീലിപ്പിച്ച അഹമ്മദ് റാഷിദിനും അഭിമാന മുഹൂർത്തമാണ് ദ്വീപിന്റെ കിരീടനേട്ടം. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദ്വീപിലെ എല്ലാ സ്കൂളുകളിലും വിജയ ദിനമാചരിച്ചിരുന്നു. ഈ സുവർണ നേട്ടം ദ്വീപ് കായിക മേഖലക്ക് പുത്തനുണർവേകുമെന്നാണ് വിലയിരുത്തൽ.
ഗ്രൂപ് ചാമ്പ്യന്മാരായി സെമിയിൽ എത്തിയ ദീപ് ടീം രാജസ്ഥാൻ ടീമിനെ നാലിനെതിരെ പത്ത് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ഫൈനലിൽ മഹാരാഷ്ട്രയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അഭിമാനനേട്ടം കൈവരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ലക്ഷദ്വീപ് ടീമിന്റെ പരിശീലകനായി അഹമ്മദ് റാഷിദ് ചുമതലയേൽക്കുന്നത്. ഗോവയിൽ നടന്ന നാഷനൽ ഗെയിംസ് ബീച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ റാഷിദിന്റെ നേതൃത്വത്തിലുള്ള ടീം മൂന്നാം സ്ഥാനത്തിനുള്ള വെങ്കല മെഡൽ നേടിയിരുന്നു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ലൈസൻസ്ഡ് പരിശീലകനായ അഹമ്മദ് റാഷിദ് നേരത്തേ കണ്ണൂർ യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ജൂനിയർ ടീം, തമിഴ്നാട് അണ്ണാമലൈ യൂനിവേഴ്സിറ്റി ടീം, വിവാ കേരള, കാലിക്കറ്റ് എഫ്.സി, വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദ് ഡിവിഷൻ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
വിവ കേരള ജൂനിയർ ടീം, കാസർകോട് ജില്ല അടക്കമുള്ള ടീമുകളുടെ പരിശീലനകനായിരുന്നു റാഷിദ്. ഫുട്ബാൾ താരം എം. മുഹമ്മദ് റഫിയുടെ നേതൃത്വത്തിലുള്ള ടാലന്റ് സോക്കർ അക്കാദമി, കേരളയുടെ മുഖ്യ പരിശീലകനാണ്. ദ്വീപ് ടീമിന്റെ ഫിസിയോ ആയി പ്രവർത്തിച്ചത് വലിയപറമ്പ് സ്വദേശിയായ പി. ജസീൽ ആണ്. കേരളം, പഞ്ചാബ്, ബംഗാൾ, ഗോകുലം എഫ്.സി, ഡി.എച്ച് കോൽക്കത്ത തുടങ്ങിയ ടീമുകളിൽ പ്രവർത്തിച്ചിട്ടുള്ള ജസീൽ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപ് ടീമിന്റെ ഫിസിയോ ആയിരുന്നു. വിജയത്തിനുശേഷം നാട്ടിലെത്തിയ റാഷിദിന് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ലൈവ് തൃക്കരിപ്പൂർ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.