കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാഫിയ പ്രവർത്തിക്കുന്നെന്ന വിജിലൻസ് കണ്ടെത്തലിന് പിന്നാലെ തരംമാറ്റ അപേക്ഷകൾ അനധികൃതമായി കെട്ടിക്കിടക്കുന്നുവെന്ന വിവരങ്ങളും പുറത്ത്. ഇതോടെ അപേക്ഷകളിൽ തീർപ്പ് വൈകുന്നതിന് പിന്നിൽ ക്രമക്കേടെന്ന ആരോപണം പരിശോധിക്കാനും വിജിലൻസ് ഒരുങ്ങുന്നു. നടപടിക്രമങ്ങൾ പാലിക്കാത്തതും യോഗ്യമല്ലാത്തതുമായ അപേക്ഷകളും കെട്ടിക്കിടക്കുന്നവയിലുണ്ടെന്നാണ് നിഗമനം. ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തിലേറെ അപേക്ഷകളാണ്. കൃഷി വകുപ്പിന്റെ ഉദാസീനതയെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ, ആവശ്യത്തിന് ജീവനക്കാരില്ലാത്തതടക്കം കാരണങ്ങളാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ഭൂമി തരംമാറ്റത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരും ചില ഏജൻസികളും ക്രമവിരുദ്ധമായി ഇടപെട്ടത് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 10 മുതൽ 50 സെന്റ് വരെ ഭൂമി തരംമാറ്റാൻ മൂന്നുലക്ഷം രൂപ വരെ ഏജൻസികൾ ഫീസായി ഈടാക്കുന്നതായും വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ ഉടമകളെ ഏജൻസികൾ കണ്ടെത്തി ധാരണയിലേർപ്പെട്ട ശേഷം ആർ.ഡി ഓഫിസുകളിൽ തരംമാറ്റത്തിന് അപേക്ഷ സമർപ്പിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടിലൂടെ അംഗീകാരം നൽകും.
ആർ.ഡി ഓഫിസുകളിൽനിന്ന് കൃഷി ഓഫിസിലേക്ക് എത്തുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥരെയും പ്രാദേശികതല നിരീക്ഷണ സമിതി (എൽ.എൽ.എം.സി) അംഗങ്ങളെയും സ്വാധീനിച്ച് അർഹതയില്ലാത്ത ഭൂമി നിയമവിരുദ്ധമായി തരംമാറ്റും.
തദ്ദേശ സ്ഥാപന പ്രസിഡന്റ് അധ്യക്ഷനും കൃഷി ഓഫിസർ കൺവീനറുമായ സമിതിയിൽ വില്ലേജ് ഓഫിസറും നെൽകർഷകരുടെ മൂന്ന് പ്രതിനിധികളുമാണ് അംഗങ്ങൾ. ഭൂമി തരംമാറ്റത്തിന് പരിഗണിക്കാൻ ബാക്കിയുള്ളത് 2,67,610 അപേക്ഷകളാണ്. അതിൽതന്നെ 1,40,814 അപേക്ഷകൾ ഡേറ്റ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂവിവരത്തിൽ മാറ്റം ആവശ്യപ്പെട്ടാണ്. ഫോം-5 പ്രകാരം നൽകുന്ന അപേക്ഷയിൽ തീര്‍പ്പാക്കേണ്ടത് ഡേറ്റ ബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഡേറ്റ ബാങ്കിലെ ഭൂവിവരങ്ങളിൽ കടന്നുകൂടിയ പിശകുകളാണ് റവന്യൂ വകുപ്പിന്റെ തലവേദന. ഇത് മുൻ ഉദ്യോഗസ്ഥർ ഉൾപ്പെട്ട മാഫിയ അനധികൃതമായി മറികടക്കുന്നതായാണ് വിവരം.
ഡേറ്റ ബാങ്ക് കുറ്റമറ്റതാക്കാൻ നടപടി ആവശ്യപ്പെട്ട് പലതവണ കൃഷി വകുപ്പിനെ സമീപിച്ചിട്ടും അനുകൂല മറുപടി ഉണ്ടായിട്ടില്ല. അതത് കൃഷി ഓഫിസര്‍മാര്‍ അവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ അതിനുപോലും തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് മന്ത്രിതല ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. ഉദ്യോഗസ്ഥർ കുറവാണെന്നാണ് കൃഷിവകുപ്പിന്റെ മുഖ്യ വാദം. 50 സെന്റ് വരെ തരം മാറ്റിക്കിട്ടാൻ 1,20,319 അപേക്ഷകളും 50 സെന്റിന് മുകളിലുള്ളവക്ക് 5395 അപേക്ഷകളും റവന്യൂ വകുപ്പിന് മുന്നിലുണ്ട്. 1967നുമുമ്പത്തെ ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ 1082 പേരും അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.