നെടുമ്പാശ്ശേരി: സംസ്ഥാനത്ത് ഭൂമി ഇടപാടുകൾ കുറയുന്നതായി രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ സംസ്ഥാനത്ത് 6,52,137 ആധാരങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷം ഇതേ കാലയളവിൽ 7,31,133 എണ്ണം രജിസ്റ്റർ ചെയ്തിരുന്നു.
പലയിടത്തും വായ്പ തിരിച്ചടവ് മുടങ്ങി ബാങ്ക് ജപ്തി ഒഴിവാക്കാനുദ്ദേശിച്ച് വിൽപനക്കിട്ട വസ്തുക്കൾ സർക്കാർ നിർദേശിച്ച ന്യായവിലക്ക് വിറ്റുപോകുന്നില്ലെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു. ഫ്ലാറ്റ് നിർമാണ കമ്പനികൾ പുതിയ പദ്ധതികൾ ഏറ്റെടുക്കാത്തതും ഭൂമി ഇടപാടുകൾ കുറയാൻ കാരണമാണ്.
ഭൂമിയുടെ ന്യായവിലയിൽ നടപ്പുസാമ്പത്തിക വർഷം 2010ലെ അടിസ്ഥാന വിലയുടെ 264 ശതമാനം വർധന വരുത്തിയിരുന്നു. എന്നാൽ, അതിനനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും രജിസ്ട്രേഷൻ ഫീസിനത്തിലും കാര്യമായ വർധനവുണ്ടായില്ല. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ രജിസ്ട്രേഷൻ ഫീസിനത്തിൽ 1005 കോടിയും സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ 2726 കോടിയുമാണ് പിരിച്ചെടുത്തത്.വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്തതിന്റെ പേരിൽ 790 കോടി പിരിച്ചെടുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭൂമി വില കുറച്ചുകാണിച്ച് ആധാരം രജിസ്റ്റർ ചെയ്തതേറെയും കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.