തിരുവമ്പാടി: ബുധനാഴ്ച രാത്രി വീണ്ടും ഉരുൾപൊട്ടിയതോടെ തിരുവമ്പാടി മേഖല ഒറ്റപ്പെട്ടു. ആനക്കാംപൊയിൽ കരിമ്പിലും പുല്ലൂരാംപാറ ജോയി റോഡിലും കൂടരഞ്ഞി കുളിരാമുട്ടിയിലും ആനകല്ലുംപാറയിലും ഉരുൾപൊട്ടി. കൂമ്പാറ പുന്നക്കടവ് കരിങ്കൽ ക്വാറിയിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ കൂട്ടിയിട്ട ലോഡ് കണക്കിന് ക്വാറി അവശിഷ്ടങ്ങൾ താഴേക്ക് ഒലിച്ചെത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 200 വീടുകളിൽ വെള്ളം കയറി. 71 കുടുംബങ്ങളെ താമസസ്ഥലത്തുനിന്ന് മാറ്റി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, പുല്ലൂരാംപാറ യു.പി സ്കൂൾ, മുത്തപ്പൻപുഴ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കുളിരാമുട്ടിയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയ രണ്ട് കുടുംബങ്ങളെ രക്ഷപ്പെടുത്തി. ഇവർക്കായി പൂവാറംതോട് ഗവ. എൽ.പി സ്കൂളിൽ ക്യാമ്പ് തുറന്നു. കൂടരഞ്ഞി പട്ടോത്ത് 11 കുടുംബങ്ങളെ അയൽവീടുകളിലേക്ക് മാറ്റി.
തിരുവമ്പാടി കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പിൽ വെള്ളം കയറി എട്ടു ബസുകൾ കുടുങ്ങി. നാലു ജീവനക്കാരെ നാട്ടുകാർ തോണിയിൽ രക്ഷപ്പെടുത്തി. തിരുവമ്പാടി ബഥാനിയ ധ്യാനകേന്ദ്രത്തിെൻറ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു കെട്ടിടം ഭാഗികമായി തകർന്നു. തിരുവമ്പാടി ലിസ ആശുപത്രി കവാടവും പരിസരവും വെള്ളത്തിനടിയിലായത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ചു. തിരുവമ്പാടി ടൗണിെൻറ ഒരു ഭാഗം വെള്ളത്തിനടിയിലായി. വില്ലേജ് ഓഫിസിലും വെള്ളം കയറി. ബസ്സ്റ്റാൻഡ് പൂർണമായി മുങ്ങി. നിരവധി കടകളിലും റേഷൻ കടയിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു.
തിരുവമ്പാടി - ഓമശ്ശേരി, തിരുവമ്പാടി - പുല്ലൂരാംപാറ, തിരുവമ്പാടി - കൂടരഞ്ഞി, തിരുവമ്പാടി - അഗസ്ത്യമൂഴി റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തിരുവമ്പാടിയിലേക്കുള്ള ബസ് സർവിസ് ഓമശ്ശേരിയിലും മുക്കത്തും അവസാനിപ്പിച്ചു. ടൗണിലെ കടകളൊന്നും തിങ്കളാഴ്ച തുറന്നില്ല. മിക്ക സർക്കാർ ഓഫിസുകളും പ്രവർത്തിച്ചില്ല.
പടനിലത്ത് വെള്ളംകയറി ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
കുന്ദമംഗലം: ദേശീയപാത 766ൽ താഴെ പടനിലത്ത് വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. റോഡിലെ വളവിൽ അഞ്ചടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. കുന്ദമംഗലം-മുക്കം റോഡിൽ ചെത്ത്കടവിലും ഗതാഗതം തടസ്സപ്പെട്ടു. ഇവിടെയുള്ള കുന്ദമംഗലം എക്സൈസ് ഒാഫിസിൽ വെള്ളം കയറി പ്രവർത്തനം തടസ്സപ്പെട്ടു. അങ്ങാടിയിലെ കടകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കാരന്തൂർ ഹരഹരക്ഷേത്രത്തിലും തൊട്ടടുത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പതിമംഗലം പാലുമണ്ണിൽ ഭാഗത്ത് 10ഒാളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെത്തുകടവിൽ മേനിക്കാട്ടിൽ കൊയഞ്ചേരി, കുറുങ്ങോട്ട് പ്രദേശങ്ങളിൽ താമസിക്കുന്നവരെ ചെത്തുകടവ് കുന്ദമംഗലം ഇൗസ്റ്റ് എം.യു.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പിലാശ്ശേരി മണ്ണത്തൂർ, കാക്കേരി, സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസക്കാരെയും മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.