ഈരാറ്റുപേട്ട (കോട്ടയം): കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വ്യാഴാഴ്ച വൈകീട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും. ആളപായമില്ലെന്നാണ് വിവരം. വാഗമൺ റൂട്ടിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. പെട്ടെന്നുണ്ടായ മഴയില്‍ തീക്കോയി പഞ്ചായത്തിലെ രണ്ട് ഇടങ്ങളില്‍ ഉരുള്‍പൊട്ടി.
വാഗമൺ റൂട്ടിൽ വെള്ളികുളത്തിനുതാഴെ ഇഞ്ചപ്പാറയിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് 30 മീറ്റർ നീളത്തിൽ റോഡിൽ മണ്ണും കല്ലും മരങ്ങളും വീണാണ് ഗതാഗതം തടസ്സപ്പെട്ടിരുന്നത്. ഒഴുകിയെത്തിയ വെള്ളം മൂലം മീനച്ചിലാർ കര കവിഞ്ഞ് ഒഴുകി. കൈവഴികളിലും ശക്തമായ വെള്ളമൊഴുക്കുണ്ടായി. പലയിടത്തും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. റബർഷീറ്റ് പുരയുൾപ്പെടെ ഒഴുകിപ്പോയി.
ശക്തമായ മഴയെത്തുടർന്ന് തീക്കോയി, തലനാട്, അടുക്കം, ചാമപാറ, മംഗളഗിരി ഭാഗങ്ങളിലെ മുപ്പതിലധികം വീടുകളിൽ വെള്ളം കയറി. തലനാട് പഞ്ചായത്തിലെ അടുക്കത്ത് വെള്ളാനിയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ഒറ്റയീട്ടിക്ക് സമീപം കാർ വെള്ളപ്പാച്ചിലിൽപെട്ടെങ്കിലും അപകടമില്ല. വീണ്ടും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഈരാറ്റുപേട്ട: മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ല കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മഴയുടെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.