നിലമ്പൂർ: ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ‍്യ മലയിടിച്ചിൽ സാധ‍്യതയുള്ള തീവ്രമേഖലയായി പ്രഖ‍്യാപിച്ച നാടുകാണിചുരത്തിൽ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള നിർദേശം നടപ്പായില്ല. രാജ‍്യത്ത് 10 മലപ്രദേശങ്ങളാണ് മലയിടിച്ചിൽ സാധ‍്യതയേറിയ തീവ്രമേഖലയായി കാണുന്നത്.
ഇതിൽ അഞ്ചെണ്ണം ഹിമാലയത്തിലും ബാക്കിയുള്ളവ പശ്ചിമഘട്ട മലനിരകളിലുമാണ്.കേരള-തമിഴ്നാട് അതിർത്തിയിൽ ഊട്ടി-മേട്ടുപാളയം ചുരവും, വഴിക്കടവ് നാടുകാണി ചുരവുമാണ് തീവ്രമേഖലയിലേക്ക് ജി.എസ്.ഐ ശിപാർശ ചെയ്തിട്ടുള്ളത്. 2008 ൽ നാടുകാണി ചുരത്തിലെ കല്ലളയിലുണ്ടായ റോഡ് വിള്ളലിനെ തുടർന്ന് ജി.എസ്.ഐ നടത്തിയ പഠനത്തിലാണ് ചുരത്തിൽ ഉപഗ്രഹനിയന്ത്രിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ കേന്ദ്രത്തിന് ശിപാർശ ചെയ്തത്. പശ്ചിമഘട്ടത്തിന്‍റെ ഏറ്റവും ഉയർന്ന പർവ്വത പ്രദേശങ്ങളിലൊന്നാണ് നാടുകാണി ചുരം.
സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് ഈ പരവ്വതഭാഗത്തിന്‍റെ മുനമ്പ്. പ്രതിവർഷം 4000 മില്ലിമീറ്റർ മഴ ചുരത്തിൽ ലഭിക്കുന്നു. 30 മുതൽ 60 ഡിഗ്രിയാണ് ചരിവ്. ഇവിടെ മഴവെള്ളത്തിന്‍റെ ശരിയായ ഒഴുക്ക് തടസ്സപ്പെടുന്നത് ഉരുൾപ്പൊട്ടൽ സാധ‍്യത വർദ്ധിപ്പിക്കുമെന്നാണ് ജി.എസ്.ഐയുടെ പഠനറിപ്പോർട്ട്. മലയിടിച്ചിൽ നിരീക്ഷണത്തന്‍റെ ഭാഗമായി ചുരത്തിൽ പ്രത‍്യേക മാപിനികൾ സ്ഥാപിച്ച് ഇവ സാറ്റലൈറ്റ് മുഖേന ബന്ധിപ്പിച്ച് നിരീക്ഷണ സംവിധാനം ഒരുക്കാനായിരുന്നു നിർദേശം. മില്ലിമീറ്റർ ലവലിലുള്ള മണ്ണിന്‍റെ അപഭ്രംശം പോലും മാപിനിയിൽ രേഖപ്പെടുത്തും. സാറ്റലൈറ്റിൽ നിന്നും അപകട സാധ‍്യത വിവരം റഡാറിലേക്കും തുടർന്ന് ജനങ്ങളിലേക്കുമെത്തുന്ന വിധമാണ് സംവിധാനം ഒരുക്കുക.
2010 നകം ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് അന്നത്തെ ജി.എസ്.ഐ കേരള യൂനിറ്റിലെ സീനിയർ ശാസ്ത്രജ്ഞൻ സി.മുരളീധരൻ പറഞ്ഞിരുന്നു. ചുരത്തിലെ താഴ് വര പ്രദേശങ്ങളിലെ ജനതക്ക് ഉരുൾപൊട്ടലിന്‍റെ മുന്നറിയിപ്പ് നൽകാനാണ് സംവിധാനം ഒരുക്കല്ലെന്നായിരുന്നു ജി.എസ്.ഐയുടെ വിശദീകരണം. ചുരത്തിൽ തുടർച്ചയായുള്ള ഉരുൾപൊട്ടലും ഭൂമി നിരങ്ങിനീങ്ങിയുള്ള പ്രതിഭാസവും മണ്ണിടിച്ചിലും താഴ് വര പ്രദേശത്തെ കുടുംബങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ആനമറി, വഴിക്കടവ് ടൗൺ, പുന്നക്കൽ, വെള്ളക്കട്ട, കാരക്കോട് പ്രദേശങ്ങൾ ചുരം താഴ് വാരത്താണ്. ആയിരകണക്കിന് കുടുംബങ്ങൾ ഇവിടെങ്ങളിൽ അധിവസിക്കുന്നുണ്ട്.
2008, 2009 വർഷങ്ങളിലും 2018, 2019 വർഷങ്ങളിലും ചുരത്തിൽ ഉരുൾപ്പൊട്ടലുകളുണ്ടായി. മാസങ്ങളോളം ചുരം പാത അടച്ചിട്ടു. എളുപ്പത്തിൽ മണ്ണിടിച്ചിൽ സാധ്യതയേറിയ പശ്ചിമയാർന്ന മണ്ണാണ് ചുരത്തിൽ. തുടർച്ചയായി 8 മില്ലിമീറ്ററിലധികം മഴ അനുഭവപ്പെട്ടാൽ മണ്ണിടിച്ചിൽ സാധ്യതയേറും. മഴ വെള്ളത്തിൻ്റെ ശരിയായ ഒഴുക്ക് തടസ്സപ്പെടുന്നതിനാലാണ് ചുരത്തിൽ മലയിടിച്ചിൽ ഉണ്ടാവുന്നത്.വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുന്നതോടെ ഭൂമിക്കടിയിലേക്ക് ഒഴുകുന്ന മഴവെള്ളം ഭുഗർഭഭാഗത്ത് മണ്ണിനെ കുഴമ്പ് രൂപത്തിലാക്കുകയും ഭൂമി നിരങ്ങിനീങ്ങൽ പ്രതിഭാസം ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.