ന്യൂഡൽഹി: ലാവലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരള ഹൈകോടതി വിധിക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും സി.ബി.െഎക്ക് പിറകെ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം ഹൈകോടതി ശിക്ഷിച്ച കേസിലെ പ്രതിയും കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥനുമായ കെ.ജി. രാജശേഖരന് നായര്‍ ശിക്ഷ വിധി റദ്ദാക്കാനുള്ള അപ്പീൽ ഫയൽ ചെയ്തു. പിണറായി വിജയനെതിരെ ശക്തമായ തെളിവുണ്ടെന്ന് വി.എം. സുധീരന് മുൻ യു.ഡി.എഫ് സർക്കാറിെൻറ സ്റ്റാൻഡിങ് കോൺസൽ ആയിരുന്ന അഡ്വ. രമേഷ് ബാബു വഴി ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹരജിയിൽ ബോധിപ്പിച്ചു.
കേസില്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര്. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ നേരത്തേ തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അപ്പീലുകള്‍ സി.ബി.ഐയുടെ അപ്പീലിനൊപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി അഞ്ചിനാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. പിണറായി വിജയന് ഉള്‍പ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീലില്‍ ഇവർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ബോധിപ്പിച്ചിട്ടുണ്ട്.
അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊർജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന് എന്നിവരുടെ നിർദേശമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ശിക്ഷ റദ്ദാക്കാൻ അപ്പീൽ സമർപ്പിച്ച രാജശേഖരന് നായരുടെ അപ്പീലിലെ വാദം. ഇത് ഫലത്തിൽ സുധീരെൻറയും സി.ബി.െഎയുടെയും വാദങ്ങളെ ബലപ്പെടുത്തുന്നതാണ്.
ഭരണതലത്തില്‍ നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലാവലിന്‍ കരാറില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സി.ബി.ഐ ബോധിപ്പിച്ചിട്ടുണ്ട്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ആഗോള ടെൻഡര്‍ വിളിച്ചില്ലെന്നും സാധ്യതപഠനം നടത്തിയില്ലെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ട് തേടിയില്ലെന്നും ഇതിലൂടെ ക്രമക്കേട് നടത്തിയെന്നുമാണ് സി.ബി.െഎ കേസ്. എന്നാൽ പിണറായി വിജയന് പുറമെ കെ. മോഹനചന്ദ്രന്, മുന്‍ ജോയൻറ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈകോടതി ആഗസ്റ്റ് 23-ന് കുറ്റവിമുക്തരാക്കി. ആര്. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍, കെ.ജി. രാജശേഖരന് നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈകോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.