മരിക്കാൻ തയ്യാറായത്​ ഒരു ജോലിക്കുവേണ്ടി, മനുഷ്യരാണെങ്കിൽ കാണുക; മലയാളിക്കുമുന്നിൽ പൊട്ടിക്കരഞ്ഞ്​ ലയ

സർക്കാർ പിന്‍വാതില്‍ നിയമനങ്ങൾ നടത്തുന്നെന്ന്​ ആരോപിച്ച്​ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ്​ ഉദ്യോഗാർഥി ലയ. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികള്‍ ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട റിജു, ദീപു എന്നിവരാണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതിനുശേഷം സംസാരിച്ച ലയ എന്ന ഉദ്യോഗാർഥിയുടെ പ്രസംഗം സർക്കാറിനേയും അധികാര കേന്ദ്രങ്ങളേയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു.


ലയയുടെ വാക്കുകൾ

എത്രയോ നാളുകളായി ഞങ്ങളിവിടെ സമരം തുടങ്ങിതതാണ്​. ഞങ്ങളുടെ ശോച്യാവസ്​ഥ അറിയിക്കാത്ത എൽഎമാരോ രാഷ്​ട്രീയ നേതാക്കളോ ഇല്ല. എന്നിട്ടും ആരും ചെറുവിരൽ പോലും അനക്കിയിട്ടില്ല. ഞങ്ങൾക്കിത് രാഷ്ട്രീയ പോരാട്ടമല്ല. ജീവൻ വച്ചിട്ടുള്ള പോരാട്ടമാണ്. ജീവിതത്തിന്‍റെ അറ്റം കണ്ടുകഴിഞ്ഞു.

ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ട് ഇവിടെ വന്ന് സമരം ചെയ്യുന്നത് ജോലിക്ക് വേണ്ടിയിട്ടാണ്. പല ജില്ലകളിൽ നിന്ന് വന്ന്​ റോഡിലിരുന്നും ശയനപ്രദക്ഷിണം നടത്തിയും മരിക്കാൻ വരെ തയ്യാറായാണ് നിൽക്കുന്നത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നതില്‍ ആണ് പലര്‍ക്കും വിഷമം. ഏത് സര്‍ക്കാര്‍ ആണെങ്കിലും ഞങ്ങള്‍ സമരം ചെയ്യും. ഈ സർക്കാർ ആയതുകൊണ്ടല്ല ഞങ്ങൾ പ്രതിഷേധിക്കുന്നത്​.

സെക്രട്ടറിയേറ്റിന്‍റെ വാതിൽക്കൽ കിടന്ന് ഉരുളാനും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താനും ആർക്കും ആഗ്രഹമുണ്ടായിട്ടല്ല. ജീവൻ കളഞ്ഞിട്ടായാലും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നുവെങ്കിൽ ആകട്ടെയെന്ന് കരുതിയാണ് അതിനു തയ്യാറായത്. കൂലിപ്പണിക്ക് പോകേണ്ടിവന്നാലും ഇനിയൊരു പരീക്ഷ എഴുതില്ല. അത്രയ്ക്ക് മടുത്തു കഴിഞ്ഞു.

ഞങ്ങളുടെ മനോവിഷമം കണ്ടില്ലെന്ന് നടിച്ച് നിൽക്കുന്നവരെ ഇതിൽപരം എന്താണ് പറഞ്ഞ് മനസിലാക്കേണ്ടത്. നിങ്ങളോരോരുത്തരും മനുഷ്യരല്ലേ. ഒരു റാങ്ക് ലിസ്റ്റിൽ വന്നാൽ ജോലി കിട്ടിയെന്ന് പ്രതീക്ഷിക്കുന്നവരാണ് നമ്മുടെ നാട്ടുകാർ. 2000 പേരുള്ള റാങ്ക് ലിസ്റ്റിൽ പകുതിപ്പേർക്ക് പോലും ജോലി നൽകാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഞങ്ങൾക്ക്​ ഉത്തരം തരൂ...ലയ പറയുന്നു.

ഫയർഫോഴ്സെത്തിയാണ്​ ആത്മഹത്യക്ക്​ ശ്രമിച്ച ഉദ്യോഗാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്​. ഇവർക്കെതിരേ പൊലീസ്​ പിന്നീട്​ കേസെടുത്തു. 

Full View

ലയയുടെ ചിത്രം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അനധികൃത, പിൻവാതിൽ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേൾക്കുന്നതെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാർത്ഥികൾ മണണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാർത്ഥി ലയ മാറി നിന്ന് കരയുന്ന ചിത്രം ആരെടെയും ഉള്ളുലയ്ക്കും.

ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പി എസ് സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നൽകി നിയമിക്കാനാണ് അവരുടെ താൽപ്പര്യം, ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാർക്ക്​ സർവകലാശാല ജോലി നൽകാനും-ചെന്നിത്തല കുറിച്ചു.

മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്നിട്ടുള്ളത്. ഇതിന്‍റെ അർത്ഥം മൂന്നുലക്ഷം ചെറുപ്പക്കാർക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾക്കെതിരേ സമഗ്രമായ നിയമനിർമാണം നടത്തും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കും. മൂന്നു മാസം മുതൽ രണ്ടു വർഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താല്ക്കാലിക നിയമനങ്ങൾ എംപ്ലോയിമെന്റ് എക്സ്ച്ചേഞ്ച് വഴിയാക്കും. ഇനിയൊരു ഉദ്യോഗാർത്ഥിയുടെയും കണ്ണീര് ഇവിടെ വീഴരുത്-അദ്ദേഹം കൂട്ടി​േച്ചർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.