തിരുവനന്തപുരം: 2018 മാര്‍ച്ച് 30-ന് കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എൽ.ഡി ക്ലര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍നിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാഒഴിവുകളും 27-ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി.
ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ നിർദേശിച്ചിട്ടുണ്ട്. ആശ്രിതനിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം. തുടർന്ന് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ 27-ന് അഞ്ചിന് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
2015 മാര്‍ച്ച് 30-വരെ നിലവിലുണ്ടായിരുന്ന എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തുന്നതിന് 2015 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്ത തസ്തികകളിലേക്ക് പ്രസ്തുത റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനവും നടത്തി. മാത്രമല്ല, ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളില്‍ നിയമന ഊഴം കണക്കാക്കാതെ മുന്‍കൂട്ടി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തിയിരുന്നു. ഇപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പ്രവേശിച്ചവരെ ഇപ്പോള്‍ നിലവിലുള്ളതും 2015 മാര്‍ച്ച് 31-ന് പ്രാബല്യത്തില്വന്നതുമായ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിെൻറ കാലയളവിലുണ്ടായ ഒഴിവുകളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം താരതമ്യേന കുറഞ്ഞതായി സര്‍ക്കാറിെൻറ ശ്രദ്ധയിൽപെട്ടതിനെത്തുടര്‍ന്നാണ് ഒഴിവുകള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിർദേശം നല്‍കിയതെന്ന് സർക്കാർ വൃത്തങ്ങൾ വാർത്തകുറിപ്പിൽ അറിയിച്ചു.
റാങ്കിെൻറ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രേട്ടറിയറ്റ് നടയിൽ സമരം തുടരുകയാണ്. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. മുൻപ്രാവശ്യത്തേക്കാൾ കുറഞ്ഞ നിയമനമാണ് എൽ.ഡി ലിസ്റ്റിൽനിന്ന് ഇക്കുറി ഉണ്ടായതെന്നും അവർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.