മലപ്പുറം: തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ പതിപ്പാണ് സംസ്ഥാനത്തും ഭരണകൂടം ചെയ്യുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ് എടുത്ത നടപടിയെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. എക്കാലത്തും പ്രതിപക്ഷം അങ്ങനെത്തന്നെയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. കേസ് എടുത്ത് ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമാണ് വേണ്ടത്. അതില്ലാത്തവരാണ് മറ്റുള്ള നടപടികളിലേക്ക് പോകുന്നത്. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവിടെ കേസ് അല്ല, ഉത്തരങ്ങൾകൊണ്ടാണ് മറുപടി നല്‍കിയത്. മാധ്യമങ്ങൾക്കും നേതാക്കൾക്കുമെതിരെ അനാവശ്യമായി കേസ് എടുക്കുന്നത് നല്ല രീതിയല്ല.
കോൺഗ്രസിലെ ഗ്രൂപ് തർക്കം ഇപ്പോൾ ഉണ്ടാവാൻ പാടില്ലാത്തതാണെന്നും പ്രശ്നം അവർതന്നെ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മറ്റൊരു പാർട്ടിയിലെ പ്രശ്നത്തിൽ ലീഗ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.