പാനൂർ: മുളിയാത്തോട് ബോംബ് സ്ഫോടനവും ടി.പി. ചന്ദ്രശേഖരക്കേസിലെ ഹൈകോടതി വിധിയുമാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ പ്രധാന ചർച്ച. ഈ വിഷയത്തിലൂന്നി പ്രചാരണം നടത്തി പരമാവധി വോട്ട് നേടിയെടുക്കലാണ് യു.ഡി.എഫ് ലക്ഷ്യം. എന്നാൽ മണ്ഡലത്തിലെ എം.എൽ.എയായിരിക്കേ മന്ത്രിയെന്നനിലക്ക് നടത്തിയ പ്രവർത്തനം ഉയർത്തിക്കാട്ടി കെ.കെ. ശൈലജയിലൂടെ ആധിപത്യം നേടിയെടുക്കാനാണ് എൽ.ഡി.എഫ് ശ്രമം.
വടകര മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പിൽ പെട്ടെന്നാണ് ചർച്ച മുഴുവൻ അക്രമരാഷ്ട്രീയത്തിലേക്ക് വഴിമാറിയത്. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പൊതുവേ എൽ.ഡി.എഫിനാണ് മുൻതൂക്കം ഉണ്ടാകാറുള്ളതെങ്കിലും വർഷങ്ങളായി ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് മേൽക്കൈ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 4,133 വോട്ടിന്റെ ഭൂരിപക്ഷം കെ. മുരളീധരന് സമ്മാനിച്ചു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.പി. മോഹനന് 9,541 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
രണ്ട് നഗരസഭയും അഞ്ച് ഗ്രാമ പഞ്ചായത്തും ഉൾപ്പെടുന്നതാണ് കൂത്ത്പറമ്പ് നിയമസഭ മണ്ഡലം. ഇതിൽ ഒരു നഗരസഭയും ഒരു പഞ്ചായത്തും മാത്രമേ യു.ഡി.എഫ് ഭരിക്കുന്നുള്ളൂ. ഒരു നഗരസഭയും നാല് പഞ്ചായത്തും എൽ.ഡി.എഫ് ഭരണത്തിൽ.
കന്നി വോട്ടർമാരുടെ നിലപാടുകളും മുന്നണികൾക്ക് നിർണായകമാണ്. ബി.ജെ.പിക്ക് ഏറെ വോട്ടുള്ള മണ്ഡലമാണിത്. എസ്.ഡി.പി.ഐക്കും വോട്ടുണ്ട്. പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഉണ്ടാവില്ലേയെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന എൽഡിഎഫ് - ബി.ജെ.പി അന്തർധാരയെന്ന പ്രചാരണവും യു.ഡി.എഫ് ഇവിടെ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.