തിരുവനന്തപുരം: വടകര ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് സൈബർ പോരിന്‍റെ തുടർച്ച നിയമസഭയുടെ നടുത്തളത്തിലും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള ‘കാഫിർ’ പ്രയോഗവും ടി.പി. ചന്ദ്രശേഖരൻ കൊലയുമായി ബന്ധപ്പെട്ട ‘മാഷാഅല്ലാ’ പ്രയോഗവും പ്രതിപക്ഷനിരയിൽനിന്ന് ഉയർന്നുവന്നപ്പോൾ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസുപയോഗിച്ച് ഭരണപക്ഷം അതിനെ പ്രതിരോധിച്ചതോടെ ചോദ്യോത്തരവേള ബഹളത്തിൽ മുങ്ങി. ഇതിനിടെ, മുൻ എം.എൽ.എ കെ.കെ. ലതിക വർഗീയതക്കെതിരായാണ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചതെന്ന ന്യായീകരണവുമായി മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ എം.ബി. രാജേഷ് രംഗത്തുവന്നതോടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ചേമ്പറിന് സമീപമെത്തി പ്രതിഷേധിച്ചു.
വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടന്റെ ചോദ്യത്തോടെയാണ് തുടക്കം. സി.പി.എം മുൻ എം.എൽ.എ കെ.കെ. ലതിക ഉൾപ്പടെയുള്ളവർ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കാസിമിന്റെ പേരിൽ സമൂഹമാധ്യമം വഴി വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിലെ അന്വേഷണത്തെക്കുറിച്ചായിരുന്നു ചോദ്യം. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിനോട് പ്രൊഫൈൽ വിവരങ്ങൾ തേടിയെന്നും അന്വേഷണം പുരോഗമിക്കുന്നു എന്നുമായിരുന്നു മന്ത്രിയുടെ ഒഴുക്കൻ മറുപടി. അരി എത്രയെന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴിയെന്നാണ് മറുപടിയെന്ന് കുഴൽനാടൻ തുറന്നടിച്ചു. കേസിൽ എഫ്.ഐ.ആർ ഇട്ടോ, ഉണ്ടെങ്കിൽ പ്രതികൾ ആരൊക്കെ എന്നാണ് ചോദിച്ചതെന്നും മറുപടി കൃത്യമല്ലായെന്നും കുഴൽനാടൻ ആക്ഷേപമുന്നയിച്ചു.
ഇതിനിടെയാണ് ഉപചോദ്യവുമായി വി. ജോയി എം.എൽ.എ സർക്കാറിന് രക്ഷകനായെത്തിയത്. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിന്റെ പുരോഗതി എന്തെന്നായിരുന്നു വി. ജോയ് എം.എൽ.എ ഉപചോദ്യത്തിലൂടെ ഉന്നയിച്ചത്. ഈ ചോദ്യത്തിന് എഫ്.ഐ.ആർ നമ്പറുൾപ്പെടെ മന്ത്രി വിശദമായ മറുപടി പറഞ്ഞ് തുടങ്ങിയതോടെ പ്രതിപക്ഷ ബെഞ്ചിൽനിന്ന് ബഹളം തുടങ്ങി. ഇപ്പോ പൊള്ളുന്നുണ്ടോ എന്ന് വി. ജോയ് ചോദിച്ചതോടെ ആകെ ബഹളം. മന്ത്രിമാരടക്കമുള്ള ഭരണ പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ബഹളം തുടങ്ങി. സ്പീക്കർ സഭ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തർക്കം നീണ്ടു.
ഓരോതവണ മന്ത്രി മറുപടി പറഞ്ഞുതുടങ്ങുമ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇതിനിടെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി. ഏറെനേരം പ്രതിഷേധിച്ച ശേഷമാണ് അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. യു.ഡി.എഫ് അംഗങ്ങൾ വടികൊടുത്തു അടിവാങ്ങിയെന്ന എം. വിജിൻ എം.എൽ.എ പറഞ്ഞപ്പോൾ വടിയും അടിയുമൊക്കെ പിന്നെ, ആദ്യം ചോദ്യം ചോദിക്കണമെന്ന് സ്പീക്കർ ഉപദേശിച്ചു.
തുടർന്ന് പ്രതിപക്ഷനേതാവ് വിമർശനമുന്നയിച്ച് എണീറ്റു. വിഷയത്തിൽനിന്ന് വ്യതിചലിക്കാൻ മന്ത്രിയും ഭരണകക്ഷി അംഗങ്ങളും സഭയെ ദുരുപയോഗപ്പെടുത്തുമ്പോൾ ചെയർ അതിന് കൂട്ട് നിൽക്കുന്നുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.