കുന്നംകുളം: മാറിവന്ന കുന്നംകുളം മണ്ഡലം ഇടതിനോടൊപ്പമണെങ്കിലും കഴിഞ്ഞ തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ കളം മാറി. അന്ന് നഷ്ടമായ ഭൂരിപക്ഷം ഇക്കുറി തിരിച്ചുപിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ കഴിഞ്ഞ തവണയുടെ തനിയാവർത്തനം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. കുന്നംകുളം മണ്ഡലത്തിന്റെ രൂപം മാറിയത് മുതൽ മൂന്നുതവണയും നിയമസഭയിലേക്ക് വിജയം എൽ.ഡി.എഫിനായിരുന്നു.
രണ്ടുതവണ സി.എം.പിയിലെ സി.പി. ജോണാണ് പരാജയപ്പെട്ടത്. എൽ.ഡി.എഫിലെ ബാബു എം. പാലിശേരി 481 വോട്ടിനും പിന്നീട് എ.സി. മൊയ്തീൻ 7800 വോട്ടിനുമാണ് ജോണിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. ജയശങ്കറിനെ എ.സി. മൊയ്തീൻ 26,501 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുട്ടുകുത്തിച്ചു. എന്നാൽ ഇതിനിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അടിതെറ്റി.
15,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നേടിയത്. മതന്യൂനപക്ഷങ്ങൾ എപ്പോഴും ഒപ്പമുണ്ടെന്ന് കരുതിയിരുന്ന എൽ.ഡി.എഫിന് നേരിട്ട തിരിച്ചടി പിന്നീട് വീണ്ടുവിചാരത്തിന് വഴിയൊരുക്കി. ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കൂട്ടി.
കുന്നംകുളം നഗരസഭ, കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, ചൊവ്വന്നൂർ കടങ്ങോട്, വേലൂർ, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കുന്നംകുളം മണ്ഡലം. ഈ തദ്ദേശസ്ഥാപങ്ങളിൽ എല്ലാം ഭരണം സി.പി.എമ്മിനാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ സർക്കാർ വിരുദ്ധ തരംഗവും രാഹുൽ ഗാന്ധിയുടെ വരവും എൽ.ഡി.എഫിന് പ്രതികൂലഘടകങ്ങളായി മാറി.
അതിനിടയിൽ പാട്ടുപാടി വോട്ടുതേടാൻ ഓടിയെത്തിയ രമ്യ ഹരിദാസിന് കാറ്റ് അനുകൂലമായി. മണ്ഡലാടിസ്ഥാനത്തിൽ കുന്നംകുളത്ത് ബി.ജെ.പി സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാറിന് ഒടുവിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 27,800 വോട്ടാണ് നേടാനായത്. കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽനിന്ന് 1400 വോട്ടിന്റെ കുറവാണ് 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
കഴിഞ്ഞതവണ ആലത്തൂർ ലോക്സഭ മണ്ഡലം ബി.ഡി.ജെ.എസിനാണ് നൽകിയിരുന്നതെങ്കിൽ ഇക്കുറി ബി.ജെ.പി ഏറ്റെടുത്തതും കുന്നംകുളത്തും നില മെച്ചപ്പെടുത്തുമെന്നും എൻ.ഡി.എ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് നഗരസഭയിൽ എട്ട് അംഗങ്ങൾ ഉണ്ട്. കൂടാതെ കാട്ടകാമ്പാൽ -ഒന്ന്, കടങ്ങോട് -രണ്ട്, വേലൂർ -ഒന്ന്, പോർക്കുളം -ഒന്ന്, ചൊവ്വന്നൂർ -മൂന്ന് എന്നിങ്ങനെ അംഗബലവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.