കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രഫസറായി നിയമനം നൽകാൻ ഒരു തടസ്സവുമില്ലെന്ന് സിൻഡിക്കേറ്റിന് നിയമോപദേശം. നിയമന നടപടി മരവിപ്പിച്ച് നേരത്തെ ഗവർണർ ഇറക്കിയ ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയോടെ നിലനിൽക്കില്ലെന്നും നിയമനവുമായി മുന്നോട്ടുപോവാമെന്നും ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല സ്റ്റാൻഡിങ് കോൺസലാണ് നിയമോപദേശം നൽകിയത്.
പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും മലയാള പഠന വിഭാഗത്തിൽ അസോസിയറ്റ് പ്രഫസറായി നിയമിച്ചത് പുനഃപരിശോധിക്കണമെന്നും നിർദേശിച്ചുള്ള സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് വിധി വരുന്നതിന് മുമ്പാണ് നിയമനം മരവിപ്പിച്ച് ഗവർണർ ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവ് നിലനിൽക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സിൻഡിക്കേറ്റ് നിയമോപദേശം തേടിയത്. നിയമോപദേശം കൂടി ലഭിച്ചതോടെ നിയമന നടപടികളുമായി സർവകലാശാല മുന്നോട്ടുപോവുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.