കൊച്ചി: നിയമസഭ, രാജ്യസഭ അംഗങ്ങൾ രാജിവെക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച പരാതി പരിഗണിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനെന്ന് ഹൈകോടതി. ജനങ്ങളുടെ നികുതിപ്പണം പാഴാക്കാനിടയാകുമെന്നതിനാൽ നിലവിലെ സാമാജികർ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.ഒ. ജോണി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇങ്ങനെ മത്സരിക്കുന്നത് ഭരണഘടനയുടെ 191ാം അനുച്ഛേദത്തിന്‍റെയും ജനപ്രാതിനിധ്യ നിയമത്തിന്‍റെയും അന്തസ്സത്തക്ക് വിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ വാദം. കേന്ദ്ര സഹമന്ത്രിമാരും സംസ്ഥാന മന്ത്രിയുമടക്കം ഇത്തരത്തിൽ ഏഴുപേര്‍ കേരളത്തിൽ മാത്രം മത്സരരംഗത്തുണ്ട്.
അതിനാൽ, ഇത്തരം സ്ഥാനാർഥികളെ തടയണമെന്നും ഈ പ്രവണത ആവർത്തിക്കാതിരിക്കാൻ മതിയായ ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനുള്ള നടപടിക്ക് തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ഇത്തരം പരാതികൾ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും ഹൈകോടതിയെയല്ല സമീപിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നികുതിപ്പണം കവരുന്ന നടപടിയാണെന്ന ഹരജിക്കാരന്‍റെ വാദവും അംഗീകരിച്ചില്ല. ഹരജി 25,000 രൂപ പിഴ സഹിതം തള്ളേണ്ടതാണെന്നും വ്യക്തമാക്കി. ഇതോടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ അവതരിപ്പിക്കാമെന്ന് പറഞ്ഞ അഭിഭാഷകൻ ഹരജി പിൻവലിക്കുന്നതായി അറിയിച്ചു. ഡിവിഷൻ ബെഞ്ച് ഇതിന് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.