ഒരിക്കൽ ഒരു എൽ.പി സ്കൂളിലെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. വേദിയിൽ മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെ പ്രമുഖരുടെ നിര തന്നെയുണ്ട്. പ്രസംഗത്തിനിടെ വിദ്യാർഥികളോട് ''ഭാവിയിൽ നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹ''മെന്ന് ഞാനൊരു ചോദ്യം ചോദിച്ചു. അവരിൽ നിന്ന് ഉടൻ മറുപടികളെത്തി- ''ഡോക്ടർ, എൻജിനീയർ, ടീച്ചർ...'' അങ്ങനെ. ''അപ്പോൾ നിങ്ങൾക്ക് ആർക്കും മന്ത്രിയും എം.എൽ.എയുമൊന്നും ആകാൻ താൽപര്യമില്ലേ'' എന്ന് അവരോട് ചോദിച്ചു. ''മന്ത്രിയും എം.എൽ.എയുമൊക്കെ ആയാൽ വിജിലൻസ് കേസ് നേരിടേണ്ടി വരില്ലേ'' എന്ന രസകരമായ മറുപടിയാണ് അവരിൽനിന്ന് കിട്ടിയത്.
രാഷ്ട്രീയമെന്നാൽ അഞ്ചുവർഷം ഭരിക്കുക, പിന്നെ ജയിലിൽ പോകുകയോ കേസ് നടത്തുകയോ ചെയ്യുക എന്ന ധാരണയാണ് അവരുടെ മനസ്സിൽ. പത്രം വായിക്കണമെന്ന് അവരോട് സ്കൂളിൽനിന്ന് നിർദേശമുണ്ട്. വാർത്തകളിലൂടെ അവർ അറിയുന്നത് ഇത്തരം വിവരങ്ങളാണ്. രാജ്യത്തെ നയിക്കേണ്ടത് ഏറ്റവും നല്ല നേതൃത്വമാണെന്ന് മനസ്സിലാക്കേണ്ട കുട്ടികൾ ഇപ്പോൾ ചിന്തിക്കുന്നത് ഇങ്ങനെയാണ്.
രാഷ്ട്രീയക്കാർ മാതൃകയാകുന്നതിലൂടെ മാത്രമെ ഈ ചിന്താഗതി മാറുകയും പുതിയ തലമുറ കടന്നുവരികയും ചെയ്യുകയുള്ളു.
ഞാൻ താമസിക്കുന്ന ചൂർണിക്കര പഞ്ചായത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ കാലയളവിൽ നടന്നിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കിറ്റുകൾ അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്താനായിട്ടുണ്ട്. അക്കാര്യത്തിൽ എനിക്കും പങ്ക് വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അത് എെൻറ പഞ്ചായത്തിൽ നടന്ന മാതൃക പ്രവർത്തനമാണ്.
ഉൽപന്നങ്ങൾക്ക് പരമാവധി വിലയീടാക്കുന്ന സമ്പ്രദായത്തിന് മാറ്റം വരണമെന്നതാണ് മറ്റൊരു കാര്യം. എം.ആർ.പി എന്നാൽ ''മാക്സിമം റീട്ടെയിൽ പ്രൈസ്'' എന്നാണ്. അതിൽ കൂടുതൽ വില വാങ്ങരുത് എന്ന് അർഥം.
വലിയ ഗതാഗത ചെലവ് അടക്കം വഹിച്ച് ഉൾപ്രദേശങ്ങളിലേക്കും മറ്റും വസ്തുക്കൾ എത്തിക്കുമ്പോൾ മാത്രമേ പരമാവധി വില ഈടാക്കേണ്ട സാഹചര്യമുള്ളു. ഇത്തരത്തിൽ വില കുറച്ചുള്ള വിൽപന സാധ്യമാകുമെന്ന് കിഴക്കമ്പലം ട്വൻറി20യുടെ പ്രവർത്തനങ്ങളിലൂടെ നേരിട്ട് മനസ്സിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.