കൊല്ലം: ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് (എൽ.ജി.എസ്) നിയമനവുമായി ബന്ധപ്പെട്ട് പുതിയ സർക്കാറിൽ പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ. റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിനുമുമ്പ് പരമാവധി നിയമനം നടത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കുമെന്ന വിശ്വാസത്തിലാണ് അവർ. തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിെൻറ സമരം സർക്കാറുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായതിനെ തുടർന്നാണ് അവസാനിപ്പിച്ചത്. പ്രധാന ആവശ്യമായ നൈറ്റ് വാച്ച്മാൻ ജോലിസമയം എട്ട് മണിക്കൂറാക്കും, ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യും എന്നിവയിൽ ഉറപ്പുലഭിച്ചതിനെ തുടർന്നാണ് സമരം നിർത്തിയത്.
തെരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 20ന് പുതിയ സർക്കാർ അധികാരമേറ്റതോടെ തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. സമരത്തിന് മുമ്പുണ്ടായിരുന്ന ഒഴിവുകളല്ലാതെ പുതുതായി ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനകം 2018ൽ നിലവിൽ വന്ന പട്ടികയുടെ കാലാവധി അവസാനിക്കും. കോവിഡിെൻറ സാഹചര്യത്തിൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. പട്ടികയിൽ ഇടംപിടിച്ച പലരും ഇനിയൊരു പരീക്ഷക്ക് അവസരം ലഭിക്കാൻ ഇടയില്ലാത്തവരാണ്. വിവിധ ഓഫിസുകളിൽനിന്ന് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ച കാലാവധി തീരുംമുമ്പ് പരമാവധി നിയമനമെന്നതിനെ സാരമായി ബാധിക്കുന്നു. പുതിയ സർക്കാറിൽനിന്ന് അനുഭാവ പൂർണമായ നടപടിയുണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു.
റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് ജനുവരി അവസാന വാരമാണ് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തിയത്. 34ാം ദിവസത്തിലേക്ക് സമരം കടന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിയായിരുന്ന എ.കെ. ബാലനുമായി ഉദ്യോഗാർഥികൾ ചർച്ച നടത്തിയത്. റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തുമെന്നും ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.