ലൈഫ് ഭവന പദ്ധതി പട്ടികയിലുള്ള മുഴുവൻ പേർക്കും വീട് നൽകും-എം.ബി. രാജേഷ്

കൊച്ചി: ലൈഫ് ഭവന പദ്ധതി പട്ടികയിലെ മുഴുവൻ പേർക്കും വീട് നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ബി. രാജേഷ്. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ഒമ്പതാം വാർഡിലെ സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

13 ലക്ഷം പേരാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പട്ടികയിലുളളത്. 5,31000 പേർ വീടു പണിക്ക് കരാറിലേർപ്പെട്ടു. 4,21,795 പേർ വീട് പണി പൂർത്തിയാക്കി. ഇത്രയും പേർക്ക് അടച്ചുറപ്പുള്ള സുരക്ഷിത ഭവനം നൽകാൻ കഴിഞ്ഞു. 1,0,9000 വീടുകൾ നിർമ്മാണ പുരോഗതിയിലാണ്. പട്ടികയിൽ അവശേഷിക്കുന്ന മുഴുവനാളുകൾക്കും വീട് നൽകണമെന്നാണ് സർക്കാർ ലക്ഷ്യം. 8 ലക്ഷം പേർക്ക് കൂടി വീട് ലഭിക്കാനുണ്ടെന്ന് കെ. ബാബു എംഎൽ എ ചടങ്ങിൽ ചൂണ്ടിക്കാട്ടിയ കാര്യം മന്ത്രി ഓർമിപ്പിച്ചു.

ഭവന നിർമാണത്തിന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുക നൽകുന്നത് കേരളമാണ്. നാലുലക്ഷം രൂപയാണ് കേരളം നൽകുന്നത്. കേരളം കഴിഞ്ഞാൽ ഉയർന്ന തുക ആന്ധ്രപ്രദേശ് നൽകുന്ന ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ്. ഇതര സംസ്ഥാനങ്ങളിൽ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളേക്കാൾ മികച്ച നിലവാരമുള്ളതാണ് കേരളത്തിലെ വീടുകൾ. ഈ വ്യത്യാസമുള്ളതുകൊണ്ടാണ് ഇവിടെ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത്.

ലൈഫ് പദ്ധതിയിൽ 18,080 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതിൽ 2080 കോടി രൂപയാണ് കേന്ദ്ര വിഹിതം. 16000 കോടി രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് വഹിക്കുന്നു. സംസ്ഥാന ബജറ്റ്, തദ്ദേശസ്ഥാപന വിഹിതം, ഹഡ്കോ വായ്പ എന്നിവയിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ലൈഫ് വീടുകളെ ബ്രാൻഡ് ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻറെ ശ്രമം കേരളം എതിർത്തു. ഓരോ വീട്ടിലും അന്തസായി ജീവിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.

ലൈഫ് പദ്ധതി പ്രകാരം അതിദരിദ്രർക്ക് മുൻഗണന നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ വർഷത്തെ പട്ടികയിൽ പഞ്ചായത്തിലെ മുഴുവൻ അതിദരിദ്രർക്കും വീട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. അതിദരിദ്രർക്ക് മുൻഗണന നൽകാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പണം അനുവദിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉദയം പേരൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 522 പേരാണ് ഗുണഭോക്താക്കൾ. ഇതിൽ 263 വീടുകളുടെ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്. 175 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ശേഷിച്ചവ നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്. ഉദയം പേരൂർ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ശോഭ ഗോപി, സജിനി ബാബു, ബിജി ബിജു, ഒ ബി ബാബു എന്നിവർ മന്ത്രിയിൽ നിന്ന് ലൈഫ് വീടുകളുടെ താക്കോൽ ഏറ്റുവാങ്ങി. പ്രവർത്തന മികവിനുള്ള പുരസ്കാരം

പൂത്തോട്ട ശ്രീനാരായണ ലോ കോളേജും ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജും ഏറ്റുവാങ്ങി. സേവനമികവിനുള്ള പുരസ്കാരം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ സൗമ്യ ശശിധരൻ, എ ശീതൾ എന്നിവർ ഏറ്റുവാങ്ങി. കെ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. മുളത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത മുരളി, ജില്ലാ പഞ്ചായത്തംഗം അനിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Life Bhawan Yojana will provide houses to all those in the list-M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.