തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടംപിടിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട് പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്. www.life2020.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാംഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ എട്ട് വരെ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
ആദ്യ കരട് പട്ടികയിൽ 5,14,381 പേരായിരുന്നു ഗുണഭോക്താക്കൾ. ഇതിൽ 3,28,041 പേർ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ചാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
ജൂലൈ ഒന്നുമുതൽ എട്ട് വരെ ലഭിക്കുന്ന രണ്ടാംഘട്ട അപ്പീലുകൾ കലക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി പുതുക്കിയ പട്ടിക 22ന് പ്രസിദ്ധീകരിക്കും. പട്ടികക്ക് വാർഡ്/ഗ്രാമസഭ, പഞ്ചായത്ത്/നഗരസഭ ഭരണസമിതി അംഗീകാരം നൽകുന്ന ഘട്ടമാണ് അടുത്തത്. ആഗസ്റ്റ് 16നാണ് അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.