കൊച്ചി: സാഹിത്യവും പുസ്തക പ്രസാധനമൊക്കെയായി തിരക്ക് പിടിച്ചിരിക്കുമ്പോഴാണ് വിളിക്കാത്ത അതിഥിയായി നൂറനാട് മോഹെൻറ ജീവിതത്തിലേക്ക് ഒരുവർഷം മുമ്പ് കരൾ രോഗം കടന്നുവരുന്നത്. കരൾ മാറ്റിവെക്കേണ്ടിവരുമെന്ന ഡോക്ടർമാരുടെ നിർദേശം ഭാര്യയിൽനിന്നും കുടുംബത്തിൽനിന്നും മറച്ചുവെച്ചു. എന്നാൽ, അധികം വൈകാതെ രോഗം മൂർച്ഛിച്ച് വീട്ടുകാർ അറിയുകയും ചെയ്തു.
എഴുത്തുകാരികൂടിയായ ഭാര്യ കണിമോൾ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. ‘േവറെ ആരുടെയും കരൾ വേണ്ട. എേൻറത് പകുത്ത് തരാം’. പരിശോധനകളോ മറ്റോ കഴിയാതെയാണ് ഇക്കാര്യം പറയുന്നത്. പരിശോധന കഴിഞ്ഞപ്പോൾ കണിമോളുടെ ആഗ്രഹം പോലെ എല്ലാം അനുകൂലം. രണ്ടുപേരുടെയും രക്തഗ്രൂപ്പും ഒ പോസിറ്റിവ്. ചൊവ്വാഴ്ച രാവിലെ എറണാകുളം അമൃത ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയിൽ കണിമോൾ കരളിെൻറ പാതി മോഹന് പകുത്ത് നൽകും. എട്ടുമണിക്കൂർ ശസ്ത്രക്രിയക്ക് സാഹിത്യകാരൻ കെ. സുരേന്ദ്രെൻറ മകനായ ഡോ. എസ്. സുധീന്ദ്രനാണ് നേതൃത്വം നൽകുന്നത്. അവയവദാനത്തിെൻറ ഊരാക്കുടുക്കുകൾ അറിയാമായിരുന്നതിനാലാണ് ഇക്കാര്യം വീട്ടുകാരോട് മറച്ചുവെച്ചതെന്ന് മോഹൻ പറഞ്ഞു. മൂന്നുനാലു മാസം ഇതിനായി അലയണം. ലക്ഷക്കണക്കിന് പണം മുടക്കണം. പക്ഷേ അവൾ മുന്നോട്ട് വന്നപ്പോൾ ശരിക്കും അമ്പരപ്പായിരുന്നു. പ്രണയം പോലെ ഞങ്ങളുടെ 26 വർഷം നീണ്ടുനിന്ന വിവാഹ ജീവിതം പോലെ എല്ലാം ഒത്തുവന്നെന്ന് മോഹൻ പറഞ്ഞു.
32 വർഷമായി സാഹിത്യപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഉൺമയെന്ന ചെറുമാഗസിനിെൻറ പത്രാധിപരായ മോഹൻ ആലപ്പുഴ നൂറനാട് സ്വദേശിയാണ്. ഉൺമ പബ്ലിക്കേഷൻസ് പ്രസാധകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലയിലും ശ്രദ്ധേയനാണ്. ‘കോഴീെൻറ മുട്ട’ എന്ന ചെറുകഥ സമാഹാരമാണ് അവസാനമായി പുറത്തിറങ്ങിയത്. ഇടുക്കിസ്വദേശിനിയായ കൺമണി അടൂർ ഗവ.ബോയ്സ് എച്ച്.എസ്.എസിലെ മലയാളം അധ്യാപിക കൂടിയാണ്.
കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച ‘കണിക്കൊന്ന’ കവിതാസമാഹാരമടക്കം ആറുപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘നിലത്തെഴുത്താണ്’ അവസാനം പ്രസിദ്ധീകരിച്ച കവിത സമാഹാരം. പുതിയ ലേഖന സമാഹാരമായ ‘അടരുവാൻ വയ്യ’ രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഡിഗ്രി വിദ്യാർഥി സിദ്ധാർഥും പ്ലസ്ടു വിദ്യാർഥി സീതയുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.