തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. എൽ.ഡി.എഫ് 16 ഇടത്തും യു.ഡി.എഫ് 13 ഇടത്തും ഒാരോ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയും വിമതനും വിജയിച്ചു.
ഇരിങ്ങാലക്കുട നഗരസഭയിൽ യു.ഡി.എഫും പിറവം മുനിസിപ്പാലിറ്റിയിൽ എല്‍.ഡി.എഫും ഭരണം നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാര്‍ഡായ ചാലാംപടത്ത് 151 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിച്ചു. നഗരസഭയിൽ യു.ഡി.എഫിനും എല്‍.ഡി.എഫും തുല്യ സീറ്റാണ് ഉണ്ടായിരുന്നത്.
എൽ.ഡി.എഫിന് നിർണായകമായ കൊച്ചി കോർപറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡ് സി.പി.എം നിലനിർത്തി. സി.പി.എം സ്ഥാനാർഥി ബിന്ദു ശിവനാണ് വിജയിച്ചത്.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. പാലക്കാട് എരുമയൂർ പഞ്ചായത്തിൽ സി.പി.എം വിമതന്‍ അട്ടിമറി വിജയം തേടി. ഇവിടെ സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി.
ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് -ശ്രീകൃഷ്ണപുരം, ആലപ്പുഴ -അരൂര്‍, കോഴിക്കോട് -നന്മണ്ട ഡിവിഷനുകളിൽ എല്‍.ഡി.എഫ് നിലനിര്‍ത്തി.
മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി രജിത വിജയിച്ചു. രജിതക്ക് ആകെ 593 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ സുബൈദ 311 വോട്ട് നേടി. എസ്.ഡി.പി. ഐ സ്വതന്ത്രയായ ചോയിവളപ്പില്‍ റസീനക്ക് 104 വോട്ട് ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ചാലപ്പുറത്ത് ആകെ 1033 വോട്ടാണ് രേഖപ്പെടുത്തിയത്.
പൂക്കോട്ടൂര്‍ ചീനിക്കലില്‍ മുസ് ലിം ലീഗിലെ അബ്ദുള്‍സത്താര്‍ 998 വോട്ടിന് വിജയിച്ചു. 710 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹത്തിന്‍റെ വിജയം. എല്‍.ഡി.എഫ് സ്ഥാനാർഥിയായ സുരേന്ദ്രന്‍ എന്ന ഇ.കെ സുന്ദരന്‍ 288 വോട്ട് നേടി. ബി.ജെ.പി സ്ഥാനാർഥിയായ പത്മകുമാറിന് 17 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച ഇര്‍ഷാദിന് വോട്ടൊന്നും നേടാനായില്ല. ചീനിക്കലില്‍ ആകെ 1303 വോട്ടാണ് രേഖപ്പെടുത്തിയത്.
തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലത്ത് 106 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥി അല്ലേക്കാടന്‍ സജീഷാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം 718 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ ടി.പി താഹിര്‍ മാസ്റ്റര്‍ 612 വോട്ട് നേടി. സ്വതന്ത്രരായി ജനവിധി തേടിയ കെ സജീഷിന് ഏഴും സഫീറിന് 11 ഉം വോട്ടുകള്‍ ലഭിച്ചു. 1348 വോട്ടാണ് കണ്ടമംഗലത്ത് ആകെ രേഖപ്പെടുത്തിയത്.
ഊര്‍ങ്ങാട്ടിരി വേഴക്കോട് യു.ഡി.എഫ് പ്രതിനിധി ശിവകുമാര്‍ എന്ന സത്യനാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന് 384 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം ആകെ 767 വോട്ട് നേടി. എല്‍.ഡി.എഫ് സ്ഥാനാർഥിയായ സതീഷ് ചന്ദ്രന്‍ ചേലാട്ടിന് 383 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥിയായ അഡ്വ. ടി പ്രവീണ്‍കുമാര്‍ 49 വോട്ട് നേടി. സ്വതന്ത്രനായ മുജീബ് റഹ്‌മാന് അഞ്ച് വോട്ട് ലഭിച്ചു. രണ്ട് പോസ്റ്റല്‍ വോട്ട് ഉള്‍പ്പടെ ആകെ 1204 വോട്ട് വേഴക്കോട്ടെ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തി.
മക്കരപ്പറമ്പ് കാച്ചിനിക്കാട് പടിഞ്ഞാറ് മേഖലയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സി. ഗഫൂര്‍ വിജയിച്ചു. 90 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം 675 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ യൂസഫ് കരുവള്ളി 585 വോട്ട് നേടി. ഇവിടെ ആകെ 1260 വോട്ടാണ് രേഖപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15 ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ഒ.എം. ശശീന്ദ്രൻ 530 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽ.ഡി.എഫിലെ കെ.വി. പുഷ്പരാജനാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻ.ഡി.എ. സ്ഥാനാർഥി എം.സി. കരുണാകരന് 14 വോട്ട് ലഭിച്ചു.
ആകെയുള്ള 1805 വോട്ടർ മാരിൽ1516 പേർ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർഥിക്ക് 1018 വോട്ടും എൽ.ഡി.എഫിന് 488 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫ് അംഗം മുസ്ലിം ലീഗിലെ ഇ. ഗംഗാധരന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 453 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഈ വാർഡിൽ വിജയിച്ചത്.
ഇടുക്കി ജില്ലയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പറക്കുടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്‍റെ ഭുരിപക്ഷത്തിന് ബി.ജെ.പിയുടെ ചിന്താമണി കാമരാജ് വിജയിച്ചു. യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ചിന്താമണിക്ക് 39ഉം എൽ.ഡി.എഫിലെ ശ്രീദേവി രാജമുത്തുവിന് 38ഉം യു.ഡി.എഫിലെ ചന്ദ്രക്ക് 15ഉം വോട്ട് ലഭിച്ചു.
ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ കുരിശുംപടിയിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. യു.ഡി.എഫിലെ പ്രിൻസ് തോമസ് 429 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രിൻസ് തോമസ് 678ഉം എൽ.ഡി.എഫിലെ കെ.പി. അനിൽ 249ഉം വോട്ട് നേടി.
എറണാകുളം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിലും വിജയിച്ച് എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തി. കൊച്ചി കോർപറേഷൻ ഗാന്ധിനഗർ വാർഡിൽ സി.പി.എമ്മിലെ ബിന്ദു ശിവൻ 687 വോട്ടിന് കോൺഗ്രസിലെ പി.ഡി. മാർട്ടിനെ തോൽപിച്ചു. എൽ.ഡി.എഫിലെ കെ.കെ ശിവൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവന്‍റെ ഭാര്യ ബിന്ദുവിനെ എൽ.ഡി.എഫ് രംഗത്തിറക്കുകയായിരുന്നു. ബിന്ദു 2950 വോട്ടും പി.ഡി. മാർട്ടിൻ 2263 വോട്ടും നേടി.
പിറവം നഗരമ്പഭയിലെ ഇടപ്പള്ളിച്ചിറ വാർഡിൽ എൽ.ഡി.എഫ് 26 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് സിറ്റ് നിലനിർത്തി. അംഗത്തിന്‍റെ നിര്യാണത്തെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിലെ ഡോ. അജേഷ് മനോഹർ 504 ഉം യു.ഡി.എഫിലെ അരുൺ കല്ലറക്കൽ 478 ഉം വോട്ടുകൾ വീതം നേടി. എൽ.ഡി.എഫ് ഭരിക്കുന്ന പിറവത്ത് ഇരു മുന്നണികൾക്കും 13 സീറ്റുകൾ വീതമാണുള്ളതെന്നതിനാൽ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്നു.
ഗാന്ധിനഗർ വാർഡ് തെരെഞ്ഞപ്പിൽ നേടിയ 131ന്‍റെ ഭൂരിപക്ഷം ഇത്തവണ 687 ആക്കി ഉയർത്തിയപ്പോൾ പിറവത്ത് 100 ൽ നിന്ന് ഭൂരിപക്ഷം 26 ആയി കുറഞ്ഞു.
കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും യു.ഡി.എഫിന് വിജയം. ചിതറ ഗ്രാമ പഞ്ചായത്ത് സത്യമംഗലം വാർഡിൽ കോൺഗ്രസിലെ എസ്.ആശ 14 വോട്ടിന്‍റെയും തേവലക്കര ഗ്രാമപഞ്ചായത്ത് നടുവിലക്കര വാർഡിൽ ആർ.എസ്.പിയിലെ പ്രദീപ് കുമാർ 317 വോട്ടിന്‍റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു. സത്യമംഗലത്ത് കോൺഗ്രസിന്‍റെയും നടുവിലക്കരയിൽ ബി.ജെ.പിയുടെയും അംഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്.
പാലക്കാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽ.ഡി.എഫ് നിലനിർത്തി, ഒരിടത്ത് വിജയം സി.പി.എം വിമതന്. ജില്ല പഞ്ചായത്ത് ശ്രീകൃഷ്പുരം ഡിവിഷൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമന്ദം ഡിവിഷൻ എന്നിവിടങ്ങളിലും തരൂർ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ്
തോട്ടുംപള്ള, എരുത്തേമ്പതി പഞ്ചായത്ത് ഏഴാംവാർഡ് മൂങ്കിൽമട, ഒാങ്ങല്ലൂർ പഞ്ചായത്ത് എട്ടാംവാർഡ് കർക്കിടകച്ചാൽ എന്നിവയാണ് എൽ.ഡി.എഫ് നിലനിർത്തിയത്. കഴിഞ്ഞതവണ യു.ഡി.എഫ് വിജയിച്ച എരിമയൂർ പഞ്ചായത്ത് ഒന്നാംവാർഡ് അരിയക്കോട് സി.പി.എം വിമതൻ ജയിച്ചുകയറി. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് സി.പി.ഐ പ്രതിനിധി ആയിരുന്നു.
ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ല പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.