വട്ടിയൂർക്കാവ് (തിരുവനന്തപുരം): യു.ഡി.എഫ് സ്ഥാനാർഥിയെ തോൽപിക്കാൻ കോൺഗ്രസിലെ പ്രാദേശിക നേതാക്കളിൽ ചിലർതന്നെ ചരടുവലിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണനോട്ടീസുകളും വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതതോടെയാണ് ഈ ആരോപണം ശക്തമായത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ വോട്ട് അഭ്യർഥന നോട്ടീസുകളാണ് പേരൂർക്കട ഭാഗത്തെ വാഴത്തോപ്പിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചുള്ള നോട്ടീസുകളാണ് ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വീണ എസ്. നായരുടെ ഉപയോഗിക്കാത്ത 50 കിലോ പോസ്റ്റർ നന്തൻകോടിന് സമീപത്തെ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്.
നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പാർട്ടിവിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ കെ.പി.സി.സി സമിതിയെ നിയോഗിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിത്വത്തെചൊല്ലി നേരേത്തതന്നെ വിവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. പ്രാദേശികനേതൃത്വനിരയിൽ ചിലർ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചിരുന്ന ഘട്ടത്തിലാണ് പി.സി. വിഷ്ണുണുനാഥിെൻറ പേര് ഉയർന്നുവന്നത്.
എന്നാൽ ഇതിനെ പ്രാദേശികനേതൃത്വം ശക്തമായി എതിർത്തു. ഏറെ തർക്കങ്ങൾക്ക് ഒടുവിലാണ് വീണ എസ്. നായരെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ യു.ഡി.എഫ് സ്ഥാനാർഥിയെ തോൽപിക്കാൻ കോൺഗ്രസിലെ പ്രാദേശികനേതാക്കളിൽ ചിലർതന്നെ ചരടുവലിച്ചതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.