തൃശൂർ: കേന്ദ്രാവിഷ്കൃത പദ്ധതി വിവരങ്ങൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ 'ഇ-ഗ്രാംസ്വരാജ്' പോർട്ടലിൽ ഒന്നിലേറെ തദ്ദേശവിഹിതം (ജില്ലപഞ്ചായത്ത് -േബ്ലാക്ക് - പഞ്ചായത്ത്) പങ്കിടുന്ന പദ്ധതികൾ രേഖപ്പെടുത്താൻ സംവിധാനമില്ല. എന്ത് ചെയ്യുമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തോട് ചോദിച്ച് കാത്തിരിക്കുകയാണ് തദ്ദേശവകുപ്പ്. 15ാം ധനകമീഷൻ വിഹിതം ഉൾപ്പെടുന്ന പദ്ധതി വിവരങ്ങൾ നൽകേണ്ട പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ് സിസ്റ്റം) അധിഷ്ഠിത പോർട്ടലാണ് 'ഇ-ഗ്രാംസ്വരാജ്'. കഴിഞ്ഞ ഫെബ്രുവരിയിൽ ധനകമീഷൻ വിഹിതം ചെലവിടണമെങ്കിൽ തദ്ദേശസ്ഥാപനങ്ങളോടും നിർവഹണ ഏജൻസികളോടും പി.എഫ്.എം.എസ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർദേശമെത്തുകയായിരുന്നു.
ഇതുവരെ പദ്ധതി വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന 'സുലേഖ' സോഫ്റ്റ്വെയറിലെ വിവരങ്ങൾ പോർട്ടലിൽ നൽകിത്തുടങ്ങിയപ്പോഴാണ് ജില്ല പഞ്ചായത്ത്, േബ്ലാക്ക്, പഞ്ചായത്ത് സംയുക്തമായി നടത്തുന്ന പദ്ധതികൾ രേഖപ്പെടുത്താനുള്ള സംവിധാനമില്ലെന്ന് മനസ്സിലായത്. ഏതെങ്കിലും തദ്ദേശസ്ഥാപനം പൂർണമായി നടത്തുന്ന പദ്ധതികളുടെ വിവരം മാത്രമേ നൽകാനാകുന്നുള്ളൂ.
നിർവഹണവും പണമടക്കലും സുഗമമായി സാധ്യമാകണമെങ്കിൽ ഇ-ഗ്രാംസ്വരാജിൽ മാറ്റം വരുത്തിയേ പറ്റൂ. ഇതനുസരിച്ച് പോർട്ടലിൽ മാറ്റംവരുത്താനോ ഇതുവരെ തുടർന്നിരുന്ന പോലെ സുലേഖ സോഫ്റ്റ്വെയറിൽ പദ്ധതിനിർവഹണ വിവരങ്ങൾ രേഖപ്പെടുത്താനോ അനുമതി നൽകണമെന്നു കാണിച്ച് തദ്ദേശവകുപ്പ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കുറച്ചുവർഷമായി കർശന കേന്ദ്ര നിർദേശം എത്തുന്നുണ്ടെങ്കിലും അതവഗണിച്ച് സുലേഖ സോഫ്റ്റ്വെയറിൽതന്നെയായിരുന്നു പദ്ധതി വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, അനുവദിച്ച തുക ചെലവിടാനായി പുതു ധനവിനിയോഗക്രമത്തിലേക്ക് മാറിയേ തീരൂവെന്ന അവസ്ഥ വന്നതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകുകയും സഹായത്തിന് ജില്ലതല സമിതികൾ രൂപവത്കരിക്കുകയും ചെയ്തു. 10 ദിവസത്തിനകംതന്നെ പി.എഫ്.എം.എസിലൂടെ പണ വിനിയോഗം നടത്താൻ സജ്ജമാകുമെന്നാണ് തദ്ദേശവകുപ്പ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.