ആലപ്പുഴ: ജൂൺപകുതിയോടെ രണ്ടാംകൃഷിയിറക്കാനൊരുങ്ങുന്നതിനിടെ പാടശേഖരങ്ങൾക്ക് ഭീഷണിയായി ഉപ്പുവെള്ളം. തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ വഴിയാണ് ഉപ്പുവെള്ളം കയറുന്നതെന്നാരോപിച്ച് കർഷകർ രംഗത്തെത്തി. സ്പിൽവേയിലെ നാൽപതുഷട്ടറുകളും അടച്ചുവെന്നും ഇതുവഴിയല്ല ഉപ്പുവെള്ളം കയറുന്നതെന്നുമാണ് ജലവിഭവ വകുപ്പ് മെക്കാനിക്കൽ വിഭാഗം അധികൃതരുടെ വിശദീകരണം. തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണത്തിന് ജലവിഭവവകുപ്പ് മെക്കാനിക്കൽ വിഭാഗം സമർപ്പിച്ച പദ്ധതിക്ക് ദേശീയപാതാവിഭാഗവും ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡും അനുമതി നിഷേധിച്ചതിനെ തുടർന്ന് പുതിയ പദ്ധതി തയാറാക്കുന്നതിനിടെയാണ് കർഷകരോഷം വർധിപ്പിച്ച് ഉപ്പുവെള്ളക്കയറ്റം. പദ്ധതി പാലത്തിന്‍റെ ബലക്ഷയത്തിനിടയാക്കുമെന്ന കണ്ടെത്തലോടെയാണ് അനുമതി നിഷേധിച്ചത്. 2018ലെ മഹാപ്രളയത്തെത്തുടർന്നാണ് സ്പിൽവേ നവീകരണത്തിന് ആലോചന തുടങ്ങിയത്. സ്പിൽവേയിലെ നാൽപത് ഷട്ടറുകളിൽ പലതും തകരാറിലായത് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഇളകിമാറിയ ഏഴാംനമ്പർ ഷട്ടർ നന്നാക്കാനായിട്ടുമില്ല. ഇതു സ്ഥിരമായി അടഞ്ഞുകിടക്കുകയാണ്. വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ഗതിയനുസരിച്ച് ഉയർത്താനും താഴ്ത്താനുമാകാതെ വരുമ്പോഴാണ് സ്പിൽവേവഴി ഉപ്പുവെള്ളം കയറുന്നത്. തോട്ടപ്പള്ളി സ്പിൽവേയുടെ തകരാർ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിട്ട് ഒരു വർഷമാകുമ്പോഴും പദ്ധതി എങ്ങുമെത്തിയില്ല. 2.75 കോടിരൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. 2021 ജൂൺ 26ന് ഏഴാംനമ്പർ ഷട്ടർ ഇളകിമാറിയപ്പോഴാണ് ടെൻഡർ പൂർത്തിയാകുന്ന മുറക്ക് പണി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്. കാലവർഷം പടിവാതിൽക്കലെത്തുമ്പോൾ ജില്ലയുടെ കാർഷികമേഖലയുടെ പേടിസ്വപ്‌നമാകുകയാണ് സ്പിൽവേ. പ്രളയജലം ശരിയായ രീതിയിൽ കടലിലേക്കൊഴുക്കാൻ സ്പിൽവേ പരാജയപ്പെടുമ്പോൾ വെള്ളപ്പൊക്കത്തിന്റെ സകലകെടുതികളും കാർഷികമേഖല അനുഭവിക്കേണ്ടിവരുന്നു. ഉപ്പുവെള്ളക്കയറ്റം ഗൗരവമായ മറ്റൊരുവിഷയമാണ്. തുറന്നുകിടക്കുന്ന ഓരുമുട്ടുകൾ വഴിയാണ് കാർഷികമേഖലയിൽ ഉപ്പുവെള്ളമെത്തുന്നതെന്നാണ് അധികൃതരുടെ വാദം. ഉപ്പുവെള്ളം കയറുന്നതിനെതിരെ കരിനിലങ്ങളിലെ പാടശേഖരപ്രതിനിധികൾ തോട്ടപ്പള്ളിയിലെ ജലവിഭവവകുപ്പ് ഓഫിസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.