ഒഴിവുകൾ നികത്തിയില്ല; എക്​സൈസ്​ ഡ്രൈവർ ഉദ്യോഗാർഥികൾ ആശങ്കയിൽ

ആലപ്പുഴ: മൂന്നുവർഷമായി ഒഴിവുകളുണ്ടായിട്ടും നികത്താതെ വിജ്ഞാപനമിറങ്ങിയതോടെ എക്​സൈസ്​ ഡ്രൈവർ റാങ്ക്​പട്ടികയിലെ ഉദ്യോഗാർഥികൾ ആശങ്കയിൽ. കാലാവധി സെപ്​റ്റംബർ രണ്ടിനാണ്​ അവസാനിക്കുന്നത്​. ജില്ലയിൽ ഏഴോളം ഒഴിവുകളുണ്ടെന്നാണ്​ ഉദ്യോഗാർഥിയും​ മണ്ണഞ്ചേരി സ്വദേശിയുമായ ബി. അൻസാരി നൽകിയ വിവരാവകാ​ശത്തിന്​ ലഭിച്ച മറുപടിയിൽ പറയുന്നത്​. ജില്ലയിൽ ആകെ 21 എക്​സൈസ് ഓഫിസുകളാണുള്ളത്​. ഇതിൽ 17 എണ്ണത്തിൽ മാത്രമാണ്​ ഡ്രൈവർ തസ്തികയുള്ളത്​. രണ്ടുറേഞ്ചിലും ഒരു ഐ.ബി. ഓഫിസിലും 24 മണിക്കൂറും സേവനം ചെയ്യുന്ന സ്ട്രൈക്കിങ്​ ഫോഴ്​സിലും ഉൾപ്പെടെ ഏഴ്​ ഒഴിവുകളാണുള്ളത്​. ഇത്​ യഥാസമയം നികത്താത്തതാണ്​ ഉദ്യോഗാർഥികളെ വലക്കുന്നത്​. 2017-ലെ പട്ടിക അനുസരിച്ച്​ 65 പേരാണുള്ളത്​. ഇതിൽ നാമമാത്രമായവർക്ക്​ മാത്രമാണ്​ ജോലികിട്ടിയത്​. ഇതിനെതിരെ റാങ്ക്​ ഹോൾഡേഴ്​സ്​ നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. നിലവിലെ പട്ടികയുടെ കാലാവധി തീരുമ്പോൾ പലരും പ്രായപരിധിയിൽ പുറത്താകും. കഴിഞ്ഞമാസം നവംബറിൽ സ്ട്രൈക്കിങ്​ ഫോഴ്​സ്​ വാഹനമിറക്കിയത്​ ഡ്രൈവർമാർ ഇല്ലാതെയാണ്​. പുതിയ വാഹനമിറക്കുമ്പോൾ ഡ്രൈവറും വേണമെന്ന​ നിയമം പാലിക്കാതെയായിരുന്നു ഇത്​. വകുപ്പിലെ ഒഴിവുകൾ നികത്തി തസ്​തിക ക്രമീകരിച്ച്​ മൂന്നുമാസത്തിനകം റിപ്പോർട്ട്​ നൽണമെന്ന കമീഷൻ നിർദേശം നടപ്പാക്കുമ്പോൾ പട്ടികയിലുള്ളവരുടെ കാലാവധി തീരും. അതിനാൽ കാലാവധി നീട്ടണമെന്നാണ്​ ഇവരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.