കുടി​വെള്ളമില്ലാതെ ചാപ്പക്കടവ്​ തീരവാസികൾ

അരൂർ: പള്ളിത്തോട് ചാപ്പക്കടവിൽ കുടിവെള്ളക്ഷാമത്തെ തുടർന്ന്​ തീരവാസികൾ നെട്ടോട്ടത്തിൽ. കുത്തിയതോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾക്കാണ് മാസങ്ങളായി കുടിവെള്ളം ലഭിക്കാത്തത്. രാവിലെ മുതൽ പൊതുടാപ്പിനു മുന്നിൽ കാത്തിരുന്നാലും തുള്ളിവെള്ളംപോലും ലഭിക്കുന്നില്ല. കുടങ്ങളുമായി കിലോമീറ്ററുകൾ നടന്നാണ് അൽപമെങ്കിലും വെള്ളം ശേഖരിക്കുന്നതെന്ന്​ ചാപ്പക്കടവിലെ വീട്ടമ്മമാർ പറയുന്നു. ഗാർഹിക കണക്ഷനുകൾ എടുത്തവർക്കും വെള്ളം കിട്ടുന്നില്ല. കുത്തിയതോട്, തുറവൂർ പഞ്ചായത്തുകൾക്കായി കോടംതുരുത്തിൽ ഒരു ജലസംഭരണിയാണുള്ളത്. ഇവിടെ നിന്ന്​ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം പമ്പ് ചെയ്യുക. എന്നാൽ, പമ്പിങ് സമയങ്ങളിൽ ചാപ്പക്കടവിൽ അല്പനേരത്തേക്ക്​ വെള്ളം ലഭിക്കുമെങ്കിലും പിന്നീട് മുടങ്ങും. പലരും സ്വകാര്യ വാഹന ഉടമകളിൽനിന്ന്​ കുടിവെള്ളം വിലയ്ക്ക്​ വാങ്ങുകയാണ്​. ക്യാനിനു 50 രൂപ നിരക്കിലാണ് കുടിവെള്ളം വിൽപന. ജലക്ഷാമം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് മാസങ്ങൾക്കുമുമ്പ്​ ജലഅതോറിറ്റിയിൽ സമരം നടത്തിയിട്ടും നടപടി ഉണ്ടായില്ലെന്നു വാർഡ് അംഗം പ്രതീഷ് പറഞ്ഞു. പുതിയ ടാങ്ക് തീരമേഖലയിൽ സ്ഥാപിക്കുകയോ കൂടുതൽ സമയം കുടിവെള്ളം പമ്പ് ചെയ്യുകയോ ചെയ്യുകയാണ് പ്രശ്നപരിഹാരമെന്ന് നാട്ടുകാർ പറയുന്നു. ഇതിനായി ജല അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന്​ അടിയന്തര നടപടി ഉണ്ടാകണമെന്നും താൽക്കാലികമായി ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കണമെന്നുമാണ് ആവശ്യം. ചിത്രം: കുടിവെള്ളം കാത്ത് പൊതുടാപ്പുകൾക്ക്​ മുന്നിൽ നിൽക്കുന്ന ചാപ്പക്കടവ്​ തീരവാസികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.