ആലപ്പുഴ: മാലിന്യശേഖരണത്തിലൂടെ ഹരിതകർമസേന സ്വന്തമാക്കിയത് ഒമ്പതുകോടി. മാസത്തിൽ 130ടൺ പ്ലാസ്റ്റിക് സമാഹരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി കഴിഞ്ഞ സാമ്പത്തികവർഷം 9,03,67,075 രൂപയുടെ വരുമാനമാണ് നേടിയത്. നെഹ്റുട്രോഫി വള്ളംകളിക്കുശേഷം ആലപ്പുഴയെ ശുചീകരിച്ചതും ജില്ല കലോത്സവവേദികൾ, സ്കൂൾ, പരിസരങ്ങൾ എന്നിവങ്ങളിടെ മാലിന്യംനീക്കി മനോഹരമാക്കിയതും ഈ സേനയാണ്.
ജില്ലയിൽ 11 പഞ്ചായത്തുകൾക്ക് 100 ശതമാനം യൂസർ ഫീ ശേഖരിക്കാനായി. പെരുമ്പളം, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂർ, ദേവികുളങ്ങര, തൃക്കുന്നപ്പുഴ, മുട്ടാർ, തകഴി, തൈക്കാട്ടുശ്ശേരി, പാണാവള്ളി പഞ്ചായത്തുകളാണ് ഈ നേട്ടം കൈവരിച്ചത്.
ജില്ലയിൽ 2391 കുടുംബശ്രീ ഹരിതകർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഓരോ സേനാംഗവും കുറഞ്ഞത് 250 വീടുകൾ സന്ദർശിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഉപയോക്തൃ ഫീസ് അടിസ്ഥാനമാക്കിയാണ് ശേഖരണം. പരിസ്ഥിതി സൗഹൃദ സാമഗ്രികളുടെ നിർമാണം, മാലിന്യ നിർമാർജന സംവിധാനത്തിന്റെ പരിപാലനം, ജൈവകൃഷി, വാടകക്ക് പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ കൊടുക്കുന്ന പരിപാടി, കമ്പോസ്റ്റ് നിർമാണം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമുണ്ട്. ഹരിതകർമസേന പ്രവർത്തനത്തോടൊപ്പം അധിക വരുമാനത്തിനായി പലരും ഹോംഷോപ്, കൃഷി ജോലികൾ, കാറ്ററിങ് സർവിസ്, പേപ്പർ ബാഗ് നിർമാണം എന്നിവയും നടത്തുന്നുണ്ട്.
എന്നാൽ, ഹരിതകർമസേനക്ക് യൂസർ ഫീ നൽകേണ്ടതില്ലെന്ന തരത്തിൽ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ സെൽഫി മത്സരവും ‘ചേർന്നുനിൽക്കാം’ കാമ്പയിനും നടത്തുന്നുണ്ട്. തെറ്റായ സന്ദേശത്തിനെതിരെ പ്രതികരിക്കേണ്ടത് ഓരോ കുടുംബശ്രീ അംഗങ്ങളുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം നൽകിയും ഹരിതകർമസേന അംഗങ്ങൾക്ക് പിന്തുണ നൽകിയും സെൽഫി ചലഞ്ചും നടത്തും. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേന അംഗങ്ങളിൽ എത്തിച്ച് യൂസർ ഫീ നൽകി സെൽഫിയെടുത്ത് ജില്ല മിഷന്റെ ഗ്രൂപ്പിൽ ഷെയർ ചെയ്യും. ഇതിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ എന്നിവർ പങ്കാളികളാകും.
ഏറ്റവും കൂടുതൽ സെൽഫിയെടുത്ത് ഹരിതകർമസേന അംഗങ്ങൾക്ക് യൂസർ ഫീസ് കൊടുക്കുന്ന സി.ഡി.എസിന് പാരിതോഷികം നൽകുമെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു, അസി. ജില്ല മിഷൻ കോഓഡിനേറ്റർ എം.ജി. സുരേഷ്, ജില്ല പ്രോഗ്രാം മാനേജർ സാഹിൽ ഫെയ്സി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.