കായംകുളം: ദേശീയ പാതയിൽ കൊറ്റുകുളങ്ങരയിൽ പാചക വാതക ടാങ്കർ മറിഞ്ഞത് നഗരത്തെ ഒരു പകൽ മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തി. തിങ്കളാഴ്ച രാവിലെ 6.55ഓടെയാണ് കൊറ്റുകുളങ്ങര ജുമാമസ്ജിദിന് സമീപം റോഡിലെ താഴ്ചയിലേക്ക് ടാങ്കർ മറിയുന്നത്. ലോറിയിൽനിന്ന് ടാങ്കർ വേർപെട്ട സ്ഥലത്തേക്ക് അഗ്നിരക്ഷാ സംഘവും പൊലീസും കുതിച്ചെത്തി.
പ്രാഥമിക പരിശോധനയിൽ വാതക ചോർച്ചയില്ലെന്ന് കണ്ടെത്തിയത് ആശ്വാസമായെങ്കിലും മുൻകരുതൽ ശക്തമാക്കി.
ദേശീയപാതയിൽ ഗതാഗതം തടയുകയും പ്രദേശത്തെ വൈദ്യുതി പൂർണമായി വിച്ഛേദിക്കുകയും ചെയ്തു. വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും പാചകവാതകം അടക്കമുള്ളവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പടെയുള്ളവ അടപ്പിച്ചു. ഫോൺ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി. സ്കൂളുകൾ നേരത്തേ വിട്ടു.
വൈകീട്ട് മൂന്നോടെ നിയന്ത്രണം കർശനമാക്കിയ വിവരം കൊറ്റുകുളങ്ങര ജുമാമസ്ജിദിലെ ഉച്ചഭാഷണിയിലൂടെ ജനങ്ങൾക്ക് നൽകി. നാല് മണിയോടെ പാരിപ്പള്ളിയിൽനിന്ന് ഐ.ഒ.സിയുടെ വിദഗ്ധ സംഘം സ്ഥലത്ത് എത്തി. തുടർന്ന് ടാങ്കറിൽനിന്ന് പാചകവാതകം മാറ്റാനുള്ള ശ്രമങ്ങൾക്ക് തുടക്കമായി. 17.5 മെട്രിക് ടൺ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. ഇതിൽനിന്ന് അഞ്ച് ടൺ മറ്റൊരു ടാങ്കറിലേക്ക് മാറ്റി ഭാരം കുറച്ചു.
ഇരുളിലാണ്ട പ്രദേശത്ത് അഗ്നിരക്ഷാ സംഘം ഒരുക്കിയ വെളിച്ച സംവിധാനമാണ് രക്ഷാപ്രവർത്തനത്തിന് സഹായകമായത്. വൈകീട്ട് ഏഴോടെ ടാങ്കർ ഉയർത്തി സുരക്ഷിതമായി ദേശീയപാതയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ശരിയായ നിലയിൽ നിവർത്താൻ പിന്നെയും ഒരു മണിക്കൂറോളം പണിപ്പെടേണ്ടിയും വന്നു.
നിർമാണം നടക്കുന്ന ദേശീയപാതയിൽ ഓടയില്ലാത്ത ഭാഗത്തേക്ക് ചരിഞ്ഞതാണ് മറിയാൻ കാരണമെന്ന് പറയുന്നു. ഡ്രൈവർ ഉറങ്ങിയതാണോയെന്നും സംശയമുണ്ട്. അഗ്നിരക്ഷാ സേനയുടെ നാല് യൂനിറ്റ് സർവ സന്നാഹവുമായാണ് നിലയുറപ്പിച്ചത്. ഇവരെ സഹായിക്കാൻ ആപ്ത മിത്ര സംഘവും സിവിൽ ഡിഫൻസ് ഫോഴ്സും അണിചേർന്നു. ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കാൻ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ-പൊലീസ് സംഘങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാദൗത്യത്തെ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.