തുറവൂർ: തുറവൂരിലെ കരിനിലങ്ങൾ കതിരുകാണാപാടങ്ങളാകുന്നു. പൊക്കാളി കൃഷിക്ക് കീർത്തികേട്ട നെൽപാടങ്ങളായിരുന്നു തുറവൂരിലേത്. കേരളത്തിൽതന്നെ അത്യപൂർവമായ പൊക്കാളി നിലങ്ങൾ അരൂർ മേഖലയിലും കൊടുങ്ങല്ലൂർ, പറവൂർ മേഖലയിലും മാത്രമാണുണ്ടായിരുന്നത്.
ചെമ്പകശ്ശേരി, വെട്ടക്കൽ എ ബ്ലോക്ക്, ബി ബ്ലോക്ക്, കൊട്ടളപ്പാടം, തുറവൂർകരി, പള്ളിത്തോട് കരി എന്നീ പേരുകളിൽ അറിയപ്പെടുന്ന 5500 ഏക്കർ പൊക്കാളി പാടങ്ങൾ അരൂർ മേഖലയിലെ തുറവൂർ പ്രദേശത്തുണ്ടായിരുന്നു.
എന്നാൽ, അരൂർ മണ്ഡലത്തിൽനിന്ന് നെൽകൃഷി അകന്നിട്ട് വർഷങ്ങളായി. ലാഭകരമായ മത്സ്യകൃഷി മുഴുസമയവും നടത്താനാണ് കർഷകർക്ക് താൽപര്യം. കൃഷിചെയ്യാൻ തയാറല്ലെങ്കിൽ മഴവെള്ളം നെൽപാടങ്ങളിൽ കെട്ടിനിർത്താനെങ്കിലും തയാറാകണമെന്ന് കർഷകരോട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
തുടർച്ചയായി നെൽപാടങ്ങളിൽ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണിത്. മഹാപ്രളയശേഷം അരൂർ മേഖലയിലുണ്ടായ അസാധാരണ വേലിയേറ്റങ്ങൾ പാടശേഖരങ്ങൾക്ക് അരികിലെ നൂറുകണക്കിന് വീടുകളെയാണ് വെള്ളത്തിലാക്കിയത്. തുടർച്ചയായി ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതുമൂലം സമീപത്തെ ശുദ്ധജലസ്രോതസ്സുകൾ എല്ലാം ഉപ്പുകയറി നശിക്കുകയാണ്. പ്രാദേശിക പാർട്ടി നേതാക്കളിൽ പലരുമാണ് മത്സ്യകൃഷിയുടെ നടത്തിപ്പുകാർ.
കരിനില വികസന ഏജൻസി ചെയർമാൻകൂടിയായ കലക്ടർ വിജ്ഞാപനം ചെയ്ത കാർഷിക കലണ്ടർ കർശനമായി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉദാസീനത കാട്ടുന്നതായും വിമർശനമുണ്ട്. ഈ നിലപാട് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി പൊക്കാളി സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. ഏപ്രിൽ 15 മുതൽതന്നെ കരിനിലങ്ങളിൽനിന്ന് ഓരുവെള്ളം ഒഴിവാക്കിയാലേ വയലുകൾ ഉണങ്ങിവരണ്ട്, നെൽകൃഷിക്ക് മുന്നോടിയായുള്ള ഉഴുതുമറിക്കലിന് പാകമാകൂ.
എന്നാൽ, മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും കൃഷി വകുപ്പും ഫിഷറീസ് വകുപ്പും പാടശേഖരങ്ങളിൽനിന്ന് ഓരുവെള്ളം നിർമാർജനം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടില്ല.
ഈ പഴുത് ഉപയോഗിച്ച് നിരവധി ചെമ്മീൻ കോൺട്രാക്ടർമാർ നിയമവിരുദ്ധമായി മത്സ്യവാറ്റ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.