ആലപ്പുഴ: കര്‍ഷകര്‍ക്ക് പി.ആര്.എസ് (പാഡിരസീത്) സംവിധാനം വഴി നിശ്ചിത സമയത്തിനുള്ളിൽ പണം ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.
ഈ വിഷയത്തില്‍ കഴിഞ്ഞ തവണ ബാങ്കുകള്‍ സ്വീകരിച്ച അങ്ങേയറ്റം നിഷേധാത്മക സമീപനം ഇനി അനുവദിക്കുകയില്ല. കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് റാണി കായല്‍ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
കര്‍ഷകരെ സഹായിക്കാത്ത ബാങ്കുകളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. പി.ആര്.എസ് വഴി നെല്ലിന്റെ വില പെട്ടെന്ന് കിട്ടാനുള്ള നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. പണം ലഭ്യമാക്കുന്നതില്‍ ബാങ്കുകളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകള്‍ എടുത്ത സമീപനങ്ങള്‍ കുട്ടനാട്ടില്‍ ചില പ്രതിസന്ധികള്‍ക്ക് കാരണമായി. കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു കമീഷനെ നിയമിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഉൽപാദനത്തില് റാണി കായല്‍ കുട്ടനാട്ടില്‍ മുന്‍പന്തിയിലാണ്. ഗുണമേന്മയുള്ള ഭക്ഷണം നല്കുന്ന കുട്ടനാടന്‍ മണ്ണ് എല്ലാകാലത്തും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ കെ.എ. പ്രമോദ്, പഞ്ചായത്ത് അംഗം എ.ഡി. ആന്റണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ്. അനില്‍ കുമാര്‍, റാണി കായല്‍ പ്രസിഡന്റ് വി.പി. ചിദംബരന്, ചിത്തിര കായല്‍ പ്രസിഡന്റ് ജോസഫ് ചാക്കോ, പാടശേഖര സമിതി സെക്രട്ടറി എ.ഡി. കുഞ്ഞച്ചന് മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.