മാരാരിക്കുളം: കൃഷി ചെയ്യാൻ മനസ്സുണ്ടോ, നിലം ഒരുക്കി കൃഷിയിടം സജ്ജമാക്കി തരാൻ കഞ്ഞിക്കുഴിയിലെ കർമസേന തയ്യാർ. ഒരുവർഷം ഒരു കോടിയുടെ പ്രവൃത്തികളാണ് കാർഷിക മേഖലയിൽ കർമസേന നടത്തുന്നത്. 2014 ജൂണിലാണ് കഞ്ഞിക്കുഴി കാർഷിക കർമസേന ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ ആയിരത്തിൽ പരം കൃഷിയിടങ്ങൾ ഇതിനോടകം ഇവർ ഒരുക്കിക്കഴിഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ 15 അംഗങ്ങൾക്ക് ജോലി. ആദ്യ ഘട്ടത്തിൽ 24 ടെക്നീഷൻമാർ ഉണ്ടായിരുന്നു.
തൊഴിലാളികളുടെ അഭാവം മൂലം കൃഷിചെയ്യാൻ ആളില്ലാതിരുന്ന സാഹചര്യത്തിലാണ് കർമസേന ടെക്നീഷൻമാർ കൃഷിപ്പണികൾ ഏറ്റെടുത്തത്. ഒരു മാസം 25,000 രൂപ വരെ മാസശമ്പളം വാങ്ങുന്ന ടെക്നീഷന്മാർ കർമസേനയിലുണ്ട്.
ഇപ്പോൾ ആലപ്പുഴയിലെ കനാൽ വശങ്ങൾ കമനീയമാക്കുന്നതിനും പൂച്ചെടികൾ വെച്ചുപിടിപ്പിക്കുന്നതിനും 12 ടെക്നീഷന്മാർ ദിവസവും ജോലി ചെയ്യുന്നു. ജൈവവളങ്ങൾ ഉണ്ടാക്കി ഇക്കോഷോപ്പിലൂടെ വിതരണം ചെയ്യാനും കർമസേനക്ക് സാധിക്കുന്നുണ്ട്. ഇരുപതോളം പേർ കർമസേനയിൽ പ്രവർത്തിക്കുന്നുണ്ട്. 30 മുതൽ 65 വയസ്സ് വരെയുള്ളവർ ഇതിൽ പ്രവർത്തിക്കുന്നു. വി. ശശീന്ദ്രൻ പ്രസിഡന്റും ജി. ഉദയപ്പൻ സെക്രട്ടറിയും വി. ആനന്ദൻ വൈസ് പ്രസിഡന്റുമായ കമ്മിറ്റിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.