ആലപ്പുഴ: പനിയും ചുമയും വന്നാൽപോലും ആളുകൾ നേരെ പായുന്നത് ആലപ്പുഴ മെഡിക്കൽ കോളജ്ആശുപത്രിയിലേക്കാണ്. നഗരഹൃദയത്തിലെ 'ജനറൽ ആശുപത്രി' ഒഴിവാക്കിയിട്ടാണ് ഈ യാത്ര. കോവിഡ്കാലത്തുപോലും ഈ പതിവിന് മാറ്റമില്ല. വേണ്ടത്ര ഡോക്ടർമാരും സൗകര്യവുമില്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ കിട്ടില്ലെന്ന നാട്ടുകാരുടെ ഭയമാണ് ഇതിനുപിന്നിൽ. ജനറൽ ആശുപത്രിയെന്ന ബോർഡിലെ പദവി മാത്രമാണുള്ളത്. വിദഗ്ധചികിത്സക്ക് ആലപ്പുഴയിൽ ഇപ്പോഴും സംവിധാനമില്ലെന്നതാണ് യാഥാർഥ്യം.
ജില്ലയിൽ ഏറ്റവും കൂടുതൽ പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആതുരാലയമാണിത്. മെഡിക്കൽ കോളജിന് സമാനമായി സൗകര്യങ്ങൾ വർധിപ്പിച്ച് നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന് 12 വർഷത്തെ പഴക്കമുണ്ട്. ആധുനിക ചികിത്സ ഉപകരണങ്ങൾ വാങ്ങിയും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചും നിലവാരമുയർത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇേപ്പാഴും വാഹനാപകടത്തിൽ പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം പോലുമില്ല. 10 കി.മീ. അകലെയുള്ള വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തന്നെയാണ് ഇപ്പോഴും ആശ്രയം.
ഉദ്ഘാടനം കഴിഞ്ഞിട്ടും േട്രാമാകെയർ യൂനിറ്റിെൻറ പ്രവർത്തനവും അവതാളത്തിലാണ്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ആധുനിക രക്തബാങ്ക്, ട്രോമാ കെയർ യൂനിറ്റ് എന്നിവക്കായി വാങ്ങിയ ഉപകരണങ്ങളും നാശത്തിെെൻറ വക്കിലാണ്. ആലപ്പുഴ നഗരസഭക്കാണ് ആശുപത്രിയുടെ ചുമതല. 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾതന്നെയാണ് ജനറൽ ആശുപത്രിയുെട പ്രധാന പരിമിതി. മഴപെയ്താൽ പലതും ചോർന്നൊലിക്കും. കോവിഡ്കൂടി എത്തിയതോടെ കാര്യങ്ങൾ ദുസ്സഹമായി.
കേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജിെൻറ തുടക്കവും ഈ ആശുപത്രിയിൽനിന്നാണ്. 1961ലെ നെഹ്റു ട്രോഫി ജലമേളയുടെ ഉദ്ഘാടന പ്രസംഗത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ആലപ്പുഴയിൽ സ്വകാര്യ മെഡിക്കൽ കോളജ് വരുെമന്ന പ്രഖ്യാപനം നടത്തിയത്. 1963ൽ തിരുമല ദേവസ്വത്തിെൻറ കീഴിൽ ടി.ഡി മെഡിക്കൽ കോളജ് പിറവിയെടുത്തപ്പോൾ നേരത്തേയുണ്ടായിരുന്ന നഗരത്തിലെ ആശുപത്രി മെഡിക്കൽ കോളജിെൻറ ഭാഗമായി. വർഷങ്ങളോളം ആശുപത്രിയും മെഡിക്കൽ കോളജും രണ്ടിടത്തായി പ്രവർത്തിച്ചു. രണ്ടും ഒരുകോമ്പൗണ്ടിൽതന്നെ വേണമെന്ന നിയമം പ്രാബല്യത്തിലായിട്ടും കുലുക്കമുണ്ടായില്ല. ഒടുവിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് പല ഘട്ടങ്ങളായി മാറ്റാൻ തീരുമാനിച്ചത്.
2007ൽ ആദ്യഘട്ടമായി കുട്ടികളുടെ മെഡിസിൻ, ത്വക്ക്, കാൻസർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾ വണ്ടാനത്തേക്ക് മാറ്റി. അക്കാലത്ത് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവർ നഗരത്തിലെ ആശുപത്രിയിലും ചികിത്സവേണ്ട കുഞ്ഞുങ്ങൾ കിലോമീറ്റർ ദൂരെ വണ്ടാനത്തുമാണ് കഴിഞ്ഞിരുന്നത്. ചികിത്സയുടെ പേരിൽ അമ്മയും കുഞ്ഞും തമ്മിലുള്ള അകലം വർധിച്ചതോടെ എതിർത്തും അനുകൂലിച്ചും നിരവധി സമരങ്ങൾ അരങ്ങേറി. 2010ൽ ബാക്കിയുണ്ടായിരുന്ന വിഭാഗങ്ങളും മാറിയതോടെയാണ് 'പഴയ മെഡിക്കൽ കോളജ്' എന്ന പേരും പെരുമയും നഷ്ടമായത്.
നവീകരണത്തിെൻറ ഭാഗമായി കിഫ്ബിവഴി 117 കോടി ചെലവഴിച്ച് ഏഴുനില കെട്ടിട നിർമാണം ആശുപത്രിയുെട മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷ. ചിതറിക്കിടക്കുന്ന ഒ.പി ബ്ലോക്ക് ഉൾപ്പെടെ വിഭാഗങ്ങളെ ഒരുകുടക്കീഴിലാക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം 64 കോടിയുടെ അടിസ്ഥാന സൗകര്യവികസനവും ഒരുക്കാൻ പദ്ധതിയുണ്ട്. അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ, ഒ.പി, നഴ്സിങ് വിഭാഗങ്ങൾ, ഫാർമസി, ലാബ്, എക്സ്റേ, സി.ടി സ്കാൻ, കാത്ത് ലാബ് എന്നിവയുണ്ടാകും.
ഒന്നരവർഷം മുമ്പ് തുടങ്ങിയ ഡയാലിസിസ് യൂനിറ്റാണ് ആശുപത്രിയിൽ കാര്യമായി പ്രവർത്തിക്കുന്നത്. ജീവനക്കാർ മൂന്ന് ഷിഫ്റ്റിലായി പ്രതിദിനം 24 പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. ഇതിനൊപ്പം പുതുതായി എത്തിച്ച സ്കാനിങ് സംവിധാനങ്ങളും ഉപകാരപ്രദമാണ്. കോവിഡ് ആശുപത്രിയായി മാറിയതോടെ ഓക്സിജൻ പ്ലാൻറിെൻറ നിർമാണവും ആരംഭിച്ചിട്ടുണ്ട്. മിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാനാകുന്ന പ്ലാൻറിൽനിന്ന് 150 രോഗികൾക്കുവരെ ഒരേസമയം ഓക്സിജൻ ലഭ്യമാക്കാം.
ഗൈനക്കോളജി വിഭാഗമില്ലാത്ത കേരളത്തിലെ ഏക ജനറൽ ആശുപത്രിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇവിടെ ഗൈനക്കോളജി വിഭാഗം ആരംഭിക്കണമെന്ന മുറവിളികൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. കടപ്പുറം ആശുപത്രിയിൽ സൗകര്യമുള്ളതിനാൽ ആവശ്യമില്ലെന്ന നിലപാടിലാണ് അധികൃതർ. ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കി ഉയർത്തുമ്പോൾ ഗൈനക്കോളജി വിഭാഗവും തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, ഒന്നും നടന്നില്ല.
പഴയ മെഡിക്കൽ കോളജ് ആശുപത്രിയായിരുന്നപ്പോൾ പഴയ കെട്ടിടത്തിൽ ഗൈനക്കോളി വിഭാഗവും പ്രവർത്തിച്ചിരുന്നു. വണ്ടാനത്തേക്കുള്ള മാറ്റത്തിെനാപ്പം ഈ വിഭാഗത്തിന് ആവശ്യമായ തസ്തിക സൃഷ്ടിക്കാതിരുന്നതാണ് വിനയായത്. ഇതിനൊപ്പം പിഴുതുമാറ്റിയ ഗ്യാസ്ട്രോളജി, ന്യൂറോളജി, നെഫ്രോളജി അടക്കം വിഭാഗങ്ങളും ഇപ്പോഴും തിരിച്ചുവന്നിട്ടില്ല.
ദിവസവും ആയിരത്തിലധികം പേരാണ് ഒ.പിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രിയുടെ നിലവാരമനുസരിച്ച് തസ്തികകൾ അനുവദിക്കുന്നതിനൊപ്പം ഒഴിവുകളും നികത്തിയിട്ടില്ല. കോവിഡ് കാലത്ത് അത്യാഹിതവിഭാഗങ്ങളിലും ഒ.പിയിലും അടിയന്തര ചികിത്സ വേണ്ടവരെപ്പോലും കൃത്യസമയത്ത് പരിശോധിക്കാനാകാത്ത സ്ഥിതിയാണ്. ഐസൊലേഷൻ വാർഡ്, മറ്റ് കോവിഡ് ആശുപത്രികൾ, വാക്സിനേഷൻ സെൻറർ, ജീവിതശൈലീരോഗ നിർണയം തുടങ്ങിയവക്ക് ഡോക്ടർമാരുടെ സേവനം വിട്ടുകൊടുക്കേണ്ടി വരുന്നതിനാൽ രോഗികൾ കൂടുതൽ ആശ്രയിക്കുന്ന അത്യാഹിതം, ഒ.പി വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്ത സ്ഥിതിയാണ്.
നിലവിൽ 52 തസ്തികയിലും ഡോക്ടർമാരുണ്ട്. എന്നാൽ, ജില്ല ആശുപത്രിയിൽനിന്ന് ജനറൽ ആശുപത്രിയായി ഉയർത്തിയതിന് ആനുപാതികമായ തസ്തിക ഇനിയും അനുവദിച്ചിട്ടില്ല. പൂർണമായും കോവിഡ് ആശുപത്രി ആക്കിയതോടെ മറ്റുവിഭാഗങ്ങളിൽ കിടത്തിച്ചികിത്സയും ഇല്ല. ഇതിനൊപ്പം പല പ്രധാന വിഭാഗങ്ങളും പ്രവർത്തിക്കുന്നില്ല. ഒാർത്തോ, സർജറി വിഭാഗങ്ങളിൽ ശസ്ത്രക്രിയപോലും നടത്താറില്ല. ഒ.പി പരിശോധന മാത്രമാണുള്ളത്. പഴയകെട്ടിടത്തിൽ 400 കിടക്കകൾ ഉണ്ടെങ്കിലും 220 കിടക്കയുടെ സ്റ്റാഫ് പാറ്റേൺ മാത്രമാണുള്ളത്. കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയായി. കോവിഡ് ബാധിതരെ പരിചരിക്കുന്നതടക്കം കാര്യങ്ങൾക്ക് പി.പി.ഇ കിറ്റ് അണിഞ്ഞാണ് മിക്ക ജീവനക്കാരുടെയും ഡ്യൂട്ടി. ഇതിനൊപ്പം ദിനംപ്രതിയെത്തുന്ന ആർ.ടി.പി.സി.ആർ, ആൻറിജൻ പരിശോധനയും നടത്തണം. കാര്യങ്ങൾ കൈവിട്ടതോടെ മറ്റ് ചികിത്സകളെല്ലാം പൂർണമായും പടിക്കുപുറത്തായി. ഒ.പി ടിക്കറ്റ് അടക്കമുള്ളവ കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും നടന്നില്ല. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേതുപോലെ 'ഒ.പി ടിക്കറ്റ്' എഴുതി നൽകുന്നരീതിയാണ് തുടരുന്നത്.
രണ്ടാംതരംഗത്തിൽ ചികിത്സയും പരിചരണവും കോവിഡിലേക്ക് വഴിമാറിയതോടെ ഒ.പിയിൽ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവർക്ക് ഫാർമസിയിൽനിന്ന് മരുന്നുകൾ കിട്ടുന്നില്ലെന്നതാണ് പ്രധാന പരാതി. ഡോക്ടർമാർ കുറിക്കുന്ന പല മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ശ്വാസകോശം, ആസ്ത്മ, കണ്ണ് വിഭാഗങ്ങളിലെ രോഗികൾക്കുള്ള മരുന്നുകൾക്കാണ് കടുത്തക്ഷാമം. ആറുമാസമായി ആവശ്യമായ മരുന്നുകൾ ആശുപത്രി ഫാർമസിയിൽനിന്ന് കിട്ടുന്നില്ലെന്ന് ജനറൽ ആശുപത്രിയിൽ വർഷങ്ങളായി ചികിത്സിക്കുന്ന ആലപ്പുഴ എം.ഒ വാർഡിലെ കോയാക്കുട്ടി (80) പറയുന്നു. നാളുകളായി ഡോക്ടർ കുറിച്ച അവശ്യമരുന്നുകളുടെ പട്ടിക നിരത്തി പരാതി നൽകിയിട്ടും മറുപടിയുണ്ടായിട്ടില്ല. മരുന്ന് കിട്ടാൻ സംവിധാനമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ആസ്ത്മ രോഗികൾ ഉപയോഗിക്കുന്ന ഇൻഹേലറുകൾ അടക്കം വിലകൂടിയ മരുന്നുകളും ഡോർഡോക്സ്-ഐ ഡ്രോപ്സുമാണ് കിട്ടാത്തത്. വിപണിയിൽ 537 രൂപ വിലയുള്ള ഇൻഹേലറുകൾ സാധാരണക്കാർക്ക് പുറെമനിന്ന് വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.