പുറക്കാട് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുന്നിൽ റോഡിലും ക്ഷേത്ര പരിസരത്തും കെട്ടിക്കിടക്കുന്ന കുടിവെള്ളം
അമ്പലപ്പുഴ: പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുമ്പോഴും പരിഹാരം കാണാതെ അധികൃതര്‍. ദേശീയപാത നിര്‍മാണം നടക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിന് െനട്ടോട്ടമോടുന്നത്.
പുറക്കാട് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുന്നിൽ റോഡിലും ക്ഷേത്ര പരിസരത്തും കുടിവെള്ളം കെട്ടിക്കിടക്കുന്നു. മൂന്നുദിവസം മുമ്പാണ് ദേശീയപാത നിർമാണത്തിനിടെ ഇവിടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയത്. പഴയ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. ഈ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് നാട്ടുകാർ ദേശീയപാത നിർമാണം ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയെ അറിയിച്ചു. ഇപ്പോൾ ശരിയാക്കാമെന്ന മറുപടി ലഭിച്ചെങ്കിലും മൂന്നുദിവസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല.
പ്രദേശത്തെ 300ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ പൊട്ടിയതോടെ നാട്ടുകാർ പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. പൈപ്പ് പൊട്ടിയാൽ തകരാർ പരിഹരിക്കേണ്ട ചുമതല ദേശീയപാത നിർമാണം ഏറ്റെടുത്തിരിക്കുന്ന കമ്പനിക്കാണ്. കമ്പനി അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരും തയാറായിട്ടില്ല. പൈപ്പ് പൊട്ടുന്നതോടെ വലയുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.