അമ്പലപ്പുഴ: കൗണ്ട്ഡൗൺ അഞ്ചില്‍ തുടങ്ങി ഒന്നില്‍ അവസാനിച്ചപ്പോഴേക്കും തയാറായിരുന്ന റോക്കറ്റ് ആകാശത്തേക്കുയർന്നു. ആർപ്പുവിളിയുമായി വിദ്യാർഥികളും. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനമാണ് അപൂർവ കാഴ്ചക്ക് വിരുന്നൊരുക്കിയത്. സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ആസ്ട്രോവിൻ എന്ന പേരിൽ നിക്കോളാസ് ടെസ്ല ടെക്നോളജി എന്ന ശാസ്ത്ര സ്ഥാപനത്തിന്റെ സഹായത്താൽ പരിപാടി സംഘടിപ്പിച്ചത്.
തോമസ്, രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക് റോക്കറ്റ് വിക്ഷേപണ അറിവുകൾ പകർന്നു നൽകിയത്. ഇതിനുശേഷം റോക്കറ്റിന്റെ ചെറുമാതൃകയും തയാറാക്കി.
ദ്രവീകൃത ഇന്ധനമാണ് റോക്കറ്റ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്. വിശാലമായ സ്കൂൾ മൈതാനത്തിന്റെ മധ്യഭാഗത്താണ് വിക്ഷേപണത്തിനായി റോക്കറ്റ് തയാറാക്കിയത്. സ്കൂളിലെ 1500ഓളം വിദ്യാർഥികളും ഇതിന് സാക്ഷികളായി. രണ്ട് റോക്കറ്റുകളാണ് വിക്ഷേപിച്ചത്.
ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രതീഷ്, ആർ. ജയരാജ, പഞ്ചായത്ത് അംഗം സുഷമ രാജീവ്, പ്രഥമാധ്യാപിക ഫാൻ സി.വി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മേരി ഷിബ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എച്ച്. ഹനീഷ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.