അമ്പലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നെല്ല് താങ്ങുവില 117 രൂപ ക്വിന്റലിന് വര്‍ധിപ്പിച്ചത് ആശാവഹമെങ്കിലും കാര്‍ഷികമേഖലയിലെ ചെലവ് അടിക്കടി കൂടുന്നത് നെല്‍കര്‍ഷകര്‍ക്ക് നിരാശ സമ്മാനിക്കുന്നു. കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. കൂടാതെ നെല്ലുവില കൃത്യമായി കിട്ടാത്തത് മൂലം തുടര്‍കൃഷിക്കായി വായ്പ കിട്ടാതെ വരുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. പമ്പിങ് സബ്സിഡിയും കൃത്യമായി ലഭിക്കുന്നില്ല. ഇതേ തുടർന്ന് ഏക്കറിന് 1500 രൂപയോളം നേര്‍മ ഇനത്തില്‍ കര്‍ഷകര്‍ കൃഷി ഇറക്കുന്നതിന് മുമ്പായി പാടശേഖര സമിതിക്ക് നല്‍കേണ്ടിവരും. മോട്ടോര്‍ പ്രവര്ത്തിപ്പിക്കുന്നയാളിന്റെ ശമ്പളം, മറ്റ് അറ്റകുറ്റപ്പണി, ബണ്ട് സംരക്ഷണം തുടങ്ങിയവക്കുള്ള ചെലവ് നേര്മക്കൂലിയില് നിന്നാണ് കണ്ടെത്തുന്നത്. ഓരോകൃഷിക്ക് ശേഷവും പമ്പിങ് സബ്സിഡി കൃത്യമായി ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഇത് ഒഴിവായി കിട്ടും. നിലം ഒരുക്കുന്നതിന് ഏക്കറിന് 900 രൂപയാണ് ചെലവ്.
വളത്തിന്റെയും കീടനാശിനികളുടെയും വില കഴിഞ്ഞ രണ്ട് സീസണുകളായി ഒരേ നിലയിലാണെങ്കിലും തൊഴിലാളികളെ കിട്ടാത്തതും കൂലിച്ചെലവും താങ്ങാന്‍ പറ്റാത്ത തരത്തിലാണ്. പുരുഷ തൊഴിലാളികള്‍ക്ക് 1050ഉം സ്ത്രീകള്‍ക്ക് 600 രൂപയുമാണ് കൂലി നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കൂറാണ് ജോലിസമയം. ഒരേക്കര്‍ വിതക്കുന്നതിനും വളം ഇടുന്നതിനും 900 രൂപവീതമാണ് കൂലി. മരുന്ന് തളിക്കുന്നതിന് ഏക്കറിന് 800 മുതല്‍ 900 രൂപ വരെ ചെലവ് വരും. ഇളവിത്തിന് ഒരു സീസണില്‍ രണ്ട് തവണയും മൂപ്പ് വിത്തിന് മൂന്ന് തവണ വരെയും വളവും മരുന്നും പ്രയോഗിക്കേണ്ടിവരും. ഒരേക്കര്‍ കൊയ്തെടുക്കുന്നതിന് 1700 മുതല്‍ 2000 രൂപവരെ വേണ്ടിവരും. ഒരു ക്വിന്റല്‍ നെല്ല് ചാക്കുകളിലാക്കി വാഹന സൗകര്യം ഉള്ളിടത്ത് എത്തിക്കുന്നതിന് 150 രൂപയോളം കൂലി ഇനത്തില്‍ ചെലവ് വരും. വള്ളത്തെ ആശ്രയിക്കേണ്ടിടത്താണങ്കില് അതിനുള്ള ചെലവ് വേറെയും. നെല്ല് ലോറിയില്‍ കയറ്റുന്നതിന് ലോഡിങ്ങ് കൂലിയായി ക്വിന്റലിന് 50 രൂപ വേണ്ടിവരും. ഒരേക്കര്‍ നിലം കൃഷി ചെയ്ത് ലോറിയില്‍ എത്തിക്കുമ്പോള്‍ 30000 രൂപയോളം ചെലവ് വരും. നല്ല വിളവാണെങ്കില്‍ ഒരേക്കറില്‍ നിന്ന് 30 ക്വിന്റല്‍ നെല്ല് വരെ കിട്ടും. എന്നാല്‍ പല കൃഷിയിലും 20 മുതല്‍ 25 ക്വിന്റല്‍ വരെ മാത്രമാണ് കിട്ടാറുള്ളത്. നെല്ലിന് വില വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും അത് കിട്ടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിലേക്ക് സ്ത്രീകള്‍ മാറിയതോടെ കാര്‍ഷിക മേഖലയില്‍ സ്ത്രീത്തൊഴിലാളികളെ കിട്ടാതായി. കാര്‍ഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറെ പ്രയോജനം ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തൊഴിലുറപ്പ് വിഹിതത്തിന് പുറമെയുള്ള കൂലി കര്‍ഷകര്‍ നല്കിയാല് കൂലിച്ചെലവ് കുറയും. പൊതുചാല് വൃത്തിയാക്കലും തോടുകളിലെ പോളനീക്കം ചെയ്യലും തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയിരുന്നെങ്കിലും തുടര്ന്നുണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. പുതു തലമുറ കാര്‍ഷിക മേഖലയിലേക്ക് വരാന്‍ തയാറാകാത്തതും തൊഴിലാളി ക്ഷാമത്തിന് വഴിയൊരുക്കി. കരകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കര്‍മസേന രൂപീകരിച്ചപോലെ പ്രത്യേകസേന രൂപവത്കരിച്ച് നെല്‍കൃഷിയെയും പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.
ഒരു കൃഷി വിളവെടുക്കുന്നതിന് 90 മുതല്‍ 120 ദിവസം വരെ മതിയെങ്കിലും കൊടുത്ത നെല്ലുവില ലഭിക്കണമെങ്കില്‍ അതിലും താമസമാണ്. ഓരോ കൃഷി കഴിയുമ്പോഴും 15 ദിവസത്തിനകം നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടില്‍ വരുമെന്ന് പ്രഖ്യാപിക്കുമെങ്കിലും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞപുഞ്ച കൃഷിയിലെ നെല്ല് ഏപ്രില്‍ മാസം എടുത്തതാണ്.
എന്നാല്‍ പി.ആര്.എസ് പോലും കര്‍ഷകരില്‍നിന്നും ബാങ്ക് സ്വീകരിച്ചിട്ടില്ല. കൃഷി വകുപ്പും ബാങ്കുമായുള്ള കരാര്‍ ഉറപ്പിച്ചില്ലെന്ന സാങ്കേതികതടസ്സമാണ് പറയുന്നത്. അടുത്ത രണ്ടാംകൃഷിക്കായി ജൂലൈ 10ഓടെ വിതക്കാന്‍ നിലം ഒരുക്കിയെങ്കിലും പുഞ്ച കൃഷിയില്‍ ശേഖരിച്ച നെല്ലുവില എപ്പോള്‍ ലഭിക്കുമെന്ന് പറയാനാകില്ല.
കേന്ദ്രസര്‍ക്കാര്‍ നെല്ലുവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണെന്ന് പാടശേഖര ഏകോപന സമിതി സെക്രട്ടറി രാജ്കുമാര് മംഗലത്ത് പറഞ്ഞു. 2020-’21ല്‍ കേന്ദ്രം ഒരു കിലോ നെല്ലിന് 18.68 രൂപയാണ് താങ്ങുവില നിശ്ചയിച്ചിരുന്നത്. സംസ്ഥാന വിഹിതമായി ഒരു കിലോക്ക് 8.80 രുപയും ഉള്‍പ്പെടെ 27.48 രുപയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്.
2023-’24 ല്‍ അത് 12 പൈസ കയറ്റുകൂലി ഇനത്തിലുള്‍പ്പെടുത്തി 21.95 രൂപയായി കേന്ദ്രം നിശ്ചയിച്ചു. എന്നാല്‍ സംസ്ഥാന വിഹിതമായി നല്‍കിയിരുന്ന 8.80 രൂപ എന്നത് 6.37 രൂപയായി വെട്ടിക്കുറക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വെട്ടിക്കുറച്ച് കേരളത്തിലെ നെല്‍കര്‍ഷകരെ വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വളം, കീടനാശിനി വിലവര്‍ധനവും കൂലി വര്‍ദ്ധനവും നിയന്ത്രിക്കണമെന്ന് പൊന്നാകരി പാടശേഖര സമിതി സെക്രട്ടറി രഞ്ജിത്ത് പുന്നേലി പറഞ്ഞു. 2022ലാണ് ഒടുവിൽ കൂലി വര്‍ദ്ധിപ്പിച്ചത്.
തുടര്‍ന്നുള്ള കൃഷിയില്‍ ഒരേക്കറിന് 4000 രൂപയോളം അധിക ചിലവ് വരുന്നുണ്ട്. നെല്ലുവില വര്‍ദ്ധിപ്പിക്കുകയാണ് ഇതിന് പരിഹാരം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലുവില വെട്ടിക്കുറക്കുകയാണ് ചെയ്തത്. ഈ നിലപാട് തുടര്‍ന്നാല്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.