ആറാട്ടുപുഴ: അപ്രതീക്ഷിതമായുണ്ടായ കള്ളക്കടൽ പ്രതിഭാസം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കനത്ത ദുരിതം വിതച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിച്ച കടൽക്ഷോഭത്തിന് ഇനിയും ശമനമായില്ല. തീരദേശ റോഡിന് കിഴക്കും പടിഞ്ഞാറുമുള്ള നൂറിലധികം വീടുകളിൽ വെള്ളം കയറി.
കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് ദുരിതം ഏറെയുണ്ടായത്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് മണ്ണിനടിയിലായത് ഗതാഗതത്തെ ബാധിച്ചു. ബസ് സർവിസ് ഭാഗികമായി മുടങ്ങി. കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാനൂർ വാട്ടർ ടാങ്ക് ജങ്ഷനിൽ തീരവാസികൾ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
ആറാട്ടുപുഴ പഞ്ചായത്തിൽ പെരുമ്പള്ളി മുതൽ മംഗലം വരെയും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂത്തേരി ജങ്ഷൻ മുതൽ ചേലക്കാട് പാനൂർ വരെയുമാണ് കടൽക്ഷോഭം ജനജീവിതം ദുരിതത്തിലാക്കിയത്. ചൊവ്വാഴ്ച ഉച്ചമുതൽ കടൽ പ്രക്ഷുബ്ധമായിരുന്നെങ്കിലും അർധരാത്രിയിലാണ് തീരത്തേക്ക് തിരമാല അടിച്ചുകയറിയത്. കടൽത്തീരങ്ങളിലും വീടിനു സമീപവും സൂക്ഷിച്ചിരുന്ന സാധന സാമഗ്രികൾ ഒഴുകിപ്പോയി. വീട്ടുസാധനങ്ങൾ വെള്ളത്തിലായി. തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി. കടൽതീരത്തുനിന്ന് ഏറെ അകലെ താമസിക്കുന്നവരെയും കടൽക്ഷോഭം ദുരിതത്തിലാക്കി. ആറാട്ടുപുഴയിലും പാനൂരിലും വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
എ.സി പള്ളി മുതൽ കാർത്തിക ജങ്ഷൻ വരെയും തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്തും തീരദേശ റോഡ് മണ്ണിനടിയിലായി. ഇതുമൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു. റോഡരികിലും വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ബസ് സർവിസുകൾ പലതും പാതിവഴിയിൽ അവസാനിപ്പിച്ചു. കടൽക്ഷോഭം തുടരുന്നതിനാൽ തീരദേശവാസികൾ ഭീതിയിലാണ്. നിരവധി തെങ്ങുകളും കടപുഴകി. ഇതുവരെ വെള്ളം കയറാത്ത വീടുകളിൽ വരെ ഇക്കുറി വെള്ളം കയറി. അടുത്തിടെ ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക കടൽഭിത്തി നിർമിച്ച സ്ഥലങ്ങളിൽ കടൽക്ഷോഭ ദുരിതം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.
ശക്തമായ കാറ്റോ മഴയോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസത്തിന്റെ പ്രത്യേകത. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.