ഒറ്റമഴയിൽ വെള്ളത്തിലായ അരൂർ ക്ഷേത്രം ബസ് സ്റ്റോപ്
അരൂർ: അരൂർ ക്ഷേത്രം ബസ് സ്റ്റോപ് ഒറ്റ മഴയിൽതന്നെ വെള്ളക്കെട്ടിലാകുന്ന ദുരവസ്ഥക്ക് നാളേറെയായിട്ടും പരിഹാരമായില്ല. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നതിനു മുമ്പുതന്നെ ദേശീയപാതയിലെ ഈ പ്രധാന ജങ്ഷനിൽ ഇതായിരുന്നു അവസ്ഥ. ഉയരപ്പാത നിർമാണം പുരോഗമിച്ചപ്പോൾ ക്ഷേത്രം കവലയിലെ സ്ഥിതി കൂടുതൽ രൂക്ഷമായി.
എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റോപ് നിർമിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് പ്രയോജനമില്ല. ചളിവെള്ളത്തിൽ മുട്ടറ്റംവരെ നീന്തി വേണം അവിടെ കയറിപ്പറ്റാൻ. അശാസ്ത്രീയ കാനനിർമാണമാണ് വെള്ളക്കെട്ടിന് കാരണം. ഉയരപ്പാത നിർമാണത്തിന് മുമ്പ് അരൂർ ക്ഷേത്രം മുതൽ ബൈപാസ് കവലവരെ കാന പണിതിരുന്നു.
എന്നാൽ, കാനയിലേക്ക് വെള്ളം ഒഴുകുന്നതിനും ഒഴുകിയ വെള്ളം കായലിൽ എത്തുന്നതിനും കഴിയുമായിരുന്നില്ല. അശാസ്ത്രീയ നിർമാണത്തിനെതിരെ പരാതിയും അന്വേഷണവും നടക്കുന്നതിനിടെയാണ് ഉയരപ്പാതയുടെ പണി ആരംഭിച്ചത്. ഉയരപ്പാതയുടെ ഭാഗമായി ദേശീയപാതയുടെ ഇരുഭാഗത്തും പുതിയ കാന നിർമിക്കുന്നുണ്ട്. അതുവരെ ക്ഷേത്രം കവലയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടിയാണ് വേണ്ടത്.
അരൂക്കുറ്റി, വടുതല, പെരുമ്പളം, പാണാവള്ളി, പള്ളിപ്പുറം പ്രദേശങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കയറാൻ നിൽക്കുന്നത്. മഴവെള്ളത്തിൽ നിന്നുകൊണ്ടുവേണം ബസിൽ കയറാൻ. പ്രദേശമാകെ വെള്ളക്കെട്ടായതുമൂലം യാത്രക്കാർ റോഡിന് നടുവിൽ നിൽക്കേണ്ടിവരുന്നു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാകാനും അപകടങ്ങൾക്കും കാരണമാകുന്നു.
ഈ ദുരവസ്ഥ പരിഹരിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലാണ് ആവശ്യം. പ്രശ്നപരിഹാരത്തിന് ഉടൻ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നിവേദനം നൽകിയ ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ പ്രവർത്തകരോട് ദലീമ എം.എൽ.എ പറഞ്ഞു. പൂർണമായും പരിഹരിക്കാൻ സാധിച്ചില്ലെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നിൽക്കാനും വാഹനത്തിൽ കയറാനുമുള്ള സൗകര്യം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. സംഘടന ഭാരവാഹികളായ പി.എം. സുബൈർ, നാസി മിന്നത്ത് സ്റ്റോഴ്സ്, ദിലീപ് കുടപുറം, ഷമീർ പി.എസ് എന്നിവരാണ് എം.എൽ.എയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.