അരൂർ: അധിക ചെലവ് ഒഴിവാക്കിയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയും മെട്രോ നഗരമായ എറണാകുളത്തേക്ക് ജലയാത്ര മോഹിച്ച് അരൂർ നിവാസികൾ. അരൂർ നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളോട് ചേർന്നും കായലാണ്. ഒരുഭാഗം കടലും. എന്നാൽ, ഫലപ്രദമായ ബോട്ട് സർവിസ് ഇപ്പോഴുമില്ല. വൈക്കത്തുനിന്ന് എറണാകുളത്തേക്ക് ദിവസത്തിൽ ഒരിക്കൽ മാത്രം ഓടുന്ന വേഗ സൂപ്പർ ഫാസ്റ്റാണ് ഈ മേഖലയിലൂടെ കടന്നുപോകുന്ന ഏക വാട്ടർ സർവിസ്. ഇതിനാകട്ടെ അരൂരിലോ അരൂക്കുറ്റിയിലോ സ്റ്റോപ്പുമില്ല. അരൂരിൽനിന്ന് എറണാകുളത്തേക്ക് രണ്ടു റോഡ് മാർഗം ഉണ്ടെങ്കിലും തോപ്പുംപടി വഴി ഏതാണ്ട് പൂർണമായും അരൂർ, അരൂക്കുറ്റി നിവാസികൾ അവഗണിച്ച മട്ടാണ്. വൈറ്റില ബൈപാസ് വഴിയുള്ള യാത്രയാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്. ഈ വഴി ചെലവേറിയതും പ്രതിബന്ധങ്ങൾ നിറഞ്ഞതുമാണ്.
ടോൾ നിരക്കാണ് ചെലവ് കൂട്ടുന്ന ഒരുഘടകം. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനയാണ് മറ്റൊരു പ്രതിബന്ധം. ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും മറികടന്ന് എത്താമെന്നതാണ് ജലഗതാഗതത്തിെൻറ നേട്ടം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ജലഗതാഗതത്തിന് അനുയോജ്യമാണ്. സർക്കാർ നിലപാടെടുത്താൽ എല്ലാ പഞ്ചായത്തുകളിൽനിന്നും എറണാകുളത്തേക്ക് ജലഗതാഗതം ആരംഭിക്കാൻ കഴിയും. ജലമെട്രോ സാധ്യമാകുന്നതോടെ അരൂരിലേക്ക് ജല മെട്രോയുടെ സർവിസ് ആരംഭിക്കാനുമാകും. നേരേത്ത മുതലുള്ള ബോട്ടുജെട്ടികൾ സർവിസിനായി പരിഗണിക്കാം. ചരക്കുകൾ അരൂർ മേഖലയിൽ എത്തിക്കുന്നതിനും ജലഗതാഗതം ഫലപ്രദമാകും. തുടക്കം എന്നനിലയിൽ അരൂർ പഞ്ചായത്ത് മുൻകൈയെടുത്ത് ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അരൂർ-വൈറ്റില ബൈപാസ് നിലവിൽവരുന്ന 1985വരെ എറണാകുളം ചന്തയിൽനിന്ന് പച്ചക്കറിയും പലവ്യഞ്ജനങ്ങളും മറ്റു സാധനങ്ങളും വലിയ കേവുവള്ളങ്ങളിൽ അരൂർ, അരൂക്കുറ്റി മേഖലയിൽ എത്തിക്കുന്ന സംവിധാനം സജീവമായിരുന്നു. ബൈപാസ് നിലവിൽ വന്നതോടെയാണ് എറണാകുളത്തേക്ക് എളുപ്പം വാഹനങ്ങളിൽ എത്താൻ തുടങ്ങിയത്. എന്നാലും വള്ളങ്ങളിൽ സാധനങ്ങൾ കൊണ്ടുവരുന്ന ഏർപ്പാട് കുറേ വർഷങ്ങൾകൂടി നിലനിന്നിരുന്നു. അരൂർ, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം എന്നിവിടങ്ങളിൽനിന്ന് യാത്ര ബോട്ടുകളും എറണാകുളത്തേക്ക് സജീവമായിരുന്നു. റോഡ് ഗതാഗതം ഊർജസ്വലമായതോടെയാണ് ഇത് പൂർണമായും ഉപേക്ഷിച്ചത്. ജലഗതാഗതം കാലാനുസൃതമായി പരിഷ്കരിക്കാൻ അധികൃതർ തയാറാകാത്തതും അവഗണിക്കപ്പെടാൻ കാരണമായി.
ജലഗതാഗതത്തിന് വലിയ സാധ്യത
കൊച്ചി നഗരത്തോട് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണപ്രദേശമായ അരൂരില്‍നിന്ന് വ്യാപാരികളടക്കം ആയിരക്കണക്കിനാളുകളാണ് നിത്യേന എറണാകുളത്തേക്ക് യാത്രചെയ്യുന്നത്. ഗതാഗതതടസ്സങ്ങള്‍ നിത്യസംഭവമായ നഗരത്തിലേക്ക് പെെട്ടന്ന് ജലമാര്‍ഗം എത്താന്‍ സാധിക്കും.
വിശാലമായ ജലാശയം അതിരിടുന്ന പഞ്ചായത്തിെൻറ തീരമേഖലയില്‍ നിലവില്‍ ബോട്ട്ജെട്ടികളുണ്ട്. കെല്‍ട്രോണ്‍, അരൂക്കുറ്റി, കുണ്ടേക്കടവ് എന്നിവിടങ്ങളിലും ജെട്ടികള്‍ പുനരുദ്ധരിച്ച് ബോട്ടും ചരക്ക് ഗതാഗതത്തിനായി ചെറിയ ബാര്‍ജുകളും സര്‍വിസ് നടത്തിയാല്‍ അരൂരിലെയും അടുത്ത പ്രദേശങ്ങളിലെയും ഗതാഗതതടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. ഇതിനായി അരൂര്‍ പഞ്ചായത്തും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണം.
യു.സി. ഷാജി പ്രസിഡൻറ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ചന്തിരൂർ
കായൽ ടൂറിസത്തിന് കരുത്താകും
അരൂരിൽനിന്ന് എറണാകുളത്തേക്കുള്ള ജലഗതാഗതം കായൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആലപ്പുഴയിലേക്കും കൊല്ലത്തേക്കും ബോട്ട് സർവിസ് നിലനിന്നിരുന്ന കായലാണിത്. ഗതാഗതത്തിൽ എല്ലാ സാഹചര്യങ്ങളും പ്രകൃതിതന്നെ ഇണക്കി തന്നിട്ടും അത് വിനിയോഗിക്കാൻ കഴിയുന്നില്ല. വർധിച്ചുവരുന്ന റോഡപകടം കണക്കിലെടുത്തെങ്കിലും മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു.
കെ.എ. ഷറഫുദ്ദീൻ 'സ്നേഹവീട്' സാംസ്കാരിക സംഘടന ഉന്നതാധികാര സമിതി അംഗം
തൊഴിലാളികൾക്ക് സൗകര്യമാകും
അരൂരിലെ വ്യവസായ, ഗതാഗതരംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ ജലഗതാഗതം സഹായിക്കും. കായലുകളെ മാലിന്യമുക്തമാക്കാനും കായൽ ഗതാഗതം പ്രോത്സാഹിപ്പിക്കുക വഴി സാധ്യമാകും. അരൂർ വ്യവസായ കേന്ദ്രത്തിലെ വ്യവസായശാലകളിൽ എത്തേണ്ട നിരവധി തൊഴിലാളികൾക്ക് ജലഗതാഗതം അനുഗ്രഹമാകും. വ്യവസായ കേന്ദ്രത്തിനോട് ചേർന്ന് ബോട്ട്ജെട്ടിപോലും നിലവിലുണ്ട്.
കെ.കെ. വാസവൻ, മാനേജിങ് കമ്മിറ്റി അംഗം, ചേർത്തല താലൂക്ക് ഇൻഡസ്ട്രിയൽ എംപ്ലോയീസ് യൂനിയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.