അരൂർ: കായൽ വിനോദസഞ്ചാര പദ്ധതികൾ അരൂർ മണ്ഡലത്തിൽ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യമുയർന്നു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളും കായലോര മേഖലയിൽ സ്ഥിതിചെയ്യുന്നതാണ്. ഇതിൽ പെരുമ്പളം പഞ്ചായത്ത് പൂർണമായും കായൽ ദ്വീപാണ്. വേമ്പനാട്ടുകായലിനെയും കൈതപ്പുഴ കായലിനെയും മറ്റനേകം ചെറുതോടുകളെയും ചെറുകായലുകളെയും ഉൾപ്പെടുത്തുന്ന സർക്യൂട്ട് ടൂറിസം ആസൂത്രണം നടത്തി വിനോദസഞ്ചാരമേഖല സജീവമാക്കാം.
അരൂർ മേഖലയിൽ ഇനിയും നടക്കാത്ത സർക്യൂട്ട് ടൂറിസത്തിെൻറ പേരിൽ കോടികൾ ചെലവഴിച്ച് പണിതുകൂട്ടിയ വിനോദസഞ്ചാര പദ്ധതികളുടെ ബോട്ട്ജെട്ടികളും കെട്ടിടങ്ങളും പുതിയ കായൽ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാം.
നിലവിൽ ചേർത്തല മണ്ഡലത്തിലെ ഭാഗമായ അന്ധകാരനഴി കടൽത്തീരത്ത് സൂനാമി ഫണ്ടിൽപെടുത്തി 32 കോടി മുടക്കി രണ്ടുപാലം, ലേലം ഹാൾ, വിശ്രമമുറി, സഞ്ചാരികൾക്ക് കടൽ നടന്നുകാണാനുള്ള നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം നിർമിച്ചു. എന്നാൽ, ഇതെല്ലാം ഇപ്പോൾ നശിക്കുകയാണ്. കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. ഇരിപ്പിടങ്ങളെല്ലാം തുരുമ്പെടുത്തു. മേൽപാലത്തിെൻറ കൈവരികളും തകർന്നു. ഇതിനൊപ്പം ജില്ല അതിർത്തിയായ അരൂക്കുറ്റിയിൽ ഹൗസ്േബാട്ട് ടെർമിനൽ നിർമിച്ചു.
ഹൗസ്േബാട്ടുകൾക്ക് താവളമാക്കി അതുവഴി വിനോദസഞ്ചാര വികസനമായിരുന്നു ലക്ഷ്യം. മെഗാ സർക്യൂട്ട് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2.16 കോടിയും ഇതിനായി മുടക്കി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ കൈതപ്പുഴ കായലിെൻറയും വേമ്പനാട്ടുകായലിെൻറയും സംഗമസ്ഥലത്താണ് ഹൗസ്േബാട്ട് ടെർമിനൽ നിർമിച്ചത്.
ഇതുവരെ ടെർമിനൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതോടെ, മുടക്കിയ പണം വെള്ളത്തിലായ അവസ്ഥയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ഔദ്യോഗിക ഉദ്ഘാടനവും നടത്തി. എന്നിട്ടും ഹൗസ്േബാട്ട് അടുത്തില്ല. കുത്തിയതോട് തഴുപ്പിലും ഹൗസ്േബാട്ട് ടെർമിനൽ കോടികൾ മുടക്കി നിർമിച്ചിട്ട് വർഷങ്ങൾ ഏറെയായി. ഇവിടെയും അവ വന്നിട്ടില്ല.
ഇവ കൂടി ഉൾപ്പെടുത്തി തഴുപ്പിലെ ഗ്രാമജീവിതത്തിെൻറ നേർക്കാഴ്ചകളും കായൽ വിനോദസഞ്ചാരത്തിെൻറ ഭാഗമാക്കാവുന്നതാണ്. സർക്യൂട്ട് ടൂറിസത്തിെൻറ പേരിൽ നടന്നത് റോഡ് നിർമാണം മാത്രമാണ്. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായാൽ മണ്ഡലത്തിലെ പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.