അരൂര്‍: അരൂർ-തുറവൂർ ഉയരപ്പാത നിർമാണംമൂലം തകർച്ചയിലായ ദേശീയപാതയുടെ പുനർനിർമാണം കാര്യക്ഷമമാക്കാൻ വ്യാഴാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച ഗതാഗത പരിഷ്കാരം നേരിയ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് അയവുവന്നത് ആശ്വാസമായി.
അരൂക്കുറ്റി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കെത്തുന്ന വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും യു ടേണ്‍ എടുത്ത് കിഴക്കന്‍ പാതയിലേക്ക് കടക്കണമെന്ന നിർദേശം വ്യക്തമായില്ലെങ്കിലും പൊലീസ് ഗതാഗതം നിയന്ത്രിച്ചതോടെ യാത്രികർക്ക് നിയന്ത്രണം കാര്യക്ഷമമായി തോന്നി. ആവർത്തിച്ചുള്ള വളക്കലും തിരിക്കലും വലിയ വാഹനങ്ങളെ കുഴച്ചു. ഗതാഗത തടസ്സവും ഉണ്ടാക്കി.
ചരക്കുവാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്ന നിര്‍ദേശം നടപ്പാക്കാനാകാത്തത് പോരായ്മയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തേക്ക് കവചിത വാഹനങ്ങള്‍ കടന്നുപോയത് ഇതിന് തെളിവായി.
ഇത്തരം പിഴവുകള്‍മൂലം എത്തുന്ന വലിയ വാഹനങ്ങള്‍ പാതയില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. ശനിയാഴ്ച രാവിലെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന കൂറ്റൻ കണ്ടെയ്നർ ആശുപത്രിയുടെ സമീപത്തുള്ള ഗ്യാപ് വഴി കടക്കാനാകാതെ നിലച്ചത് ഗതാഗതക്കുരുക്കിന് കാരണമായി. പിന്നീട് റോഡിൽ സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകൾ നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്.
അവധി ദിനങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ചയോടെ സ്കൂളുകൾ തുറക്കുമ്പോൾ ഗതാഗതത്തിരക്ക് വർധിക്കും. റോഡ് പണി വേഗം തീർക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.