അരൂർ: പാലങ്ങളുടെ ഗ്രാമമാണ് അരൂർ. കൈതപ്പുഴ കായലും വേമ്പനാട്ടുകായലും അതിന്‍റെ കൈവഴികളും അരൂരിനെ ചുറ്റിക്കിടക്കുന്നതിനാൽ പാലങ്ങൾ അരൂരിന് പണ്ടുമുതലേ ആവശ്യമായിരുന്നു. കേരളം നാട്ടുരാജ്യങ്ങളായി വേർതിരിഞ്ഞു കിടന്നപ്പോൾ തിരുവിതാംകൂറിന്‍റെ അതിർത്തി ഗ്രാമമായി അരൂർ അറിയപ്പെട്ടു. തൊട്ട് അയൽരാജ്യമായ കൊച്ചിയുമായി വേർതിരിക്കുന്നത് വേമ്പനാട്ടുകായലായിരുന്നു.
1963ൽ അരൂരിൽ ആദ്യത്തെ പാലമുണ്ടായി. അതാണ് അരൂർ-ഇടക്കൊച്ചി പാലം. കേരളത്തിന്‍റെ വ്യവസായിക നഗരമായ കൊച്ചിയിലേക്ക് ആദ്യത്തെ വഴിതുറന്നു. വിദേശ മാതൃകയിൽ രൂപപ്പെടുത്തിയ പാലം ഇന്നും കാണുന്നവരിൽ കൗതുകമുണർത്തും. പിന്നീട് നിർമിച്ച പലതും സുരക്ഷ ഭീഷണി ഉയർത്തിയപ്പോഴും സാങ്കേതിക മികവുമായി അരൂർ-ഇടക്കൊച്ചി പാലം ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇതിൽ കയറി നിന്ന് ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ കായൽക്കാഴ്ചകൾ കാണാൻ നിരവധി പേരാണ് എത്തുന്നത്. കേരളത്തിന്‍റെ തെക്കൻ പ്രദേശങ്ങളിലുള്ളവർക്ക് ഇടക്കൊച്ചി-അരൂർ പാലം വഴി തോപ്പുംപടിയിലെത്തി എറണാകുളത്തേക്ക് യാത്ര ചെയ്യുകയേ വഴി ഉണ്ടാ യിരുന്നുള്ളൂ. ആ കാലങ്ങളിൽ യാത്രക്ലേശം അതിരൂക്ഷമായിരുന്നു.
എന്നാൽ, പുതിയ ദേശീയപാതയുടെ നിർമാണം അരൂർ നിവാസികൾക്ക് ആശ്വാസമായി. വൈറ്റില വഴി എറണാകുളത്തെത്താൻ എളുപ്പവുമായി. പുതിയ വഴിയിൽ പാലങ്ങൾ അനവധി ഉണ്ടായിരുന്നു. അതിൽ ഏറ്റവും വലുത് ഒരു കിലോമീറ്ററോളമുള്ള അരൂർ-കുമ്പളം പാലമായിരുന്നു. കായൽ കാഴ്ചകൾക്ക് പുതിയ ലോകമാണ് ഇത് ഒരുക്കിയത്. വിശാലമായ കായൽപരപ്പിന്‍റെ സൗന്ദര്യം വാഹനങ്ങൾ നിർത്തി ആസ്വദിക്കുന്ന യാത്രികർ ഇവിടെ സ്ഥിരം കാഴ്ചയാണ്.
ചൂണ്ടയിടുന്നവരുടെ കാഴ്ചയും കൗതുകകരമാണ്. ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ചപ്പോൾ നാലു വാഹനം ഒരുമിച്ച് ഗതാഗതം നടത്താവുന്ന ഒരുപാലം കൂടി കായലിന് കുറുകെ അരൂരിൽ എത്തി. പ്രഭാത -സായാഹ്ന സവാരിക്കാരുടെ ഇടമായി ഇവിടം മാറി.പാലങ്ങൾക്കിടയിലെ ശൂന്യമായ സ്ഥലം സുരക്ഷിതമായ സവാരിക്ക് അനുഗുണമാകുന്നവിധം നിർമിക്കണമെന്ന ആവശ്യമുണ്ട്. അരൂർ -കുമ്പളം പാലങ്ങൾക്ക് സമാന്തരമായി നിർമിച്ച തീരദേശ റെയിൽവേയുടെ അരൂർ-കുമ്പളം പാലം മറ്റൊരു കാഴ്ചയാണ്.
പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം തുടങ്ങി ചേർത്തല താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിലുള്ളവർക്ക് ദേശീയപാതയിലെത്താൻ അരൂക്കുറ്റി കായലിലെ വള്ളങ്ങൾ മാത്രമായിരുന്നു ആശ്രയം. ഇവിടെ അരൂർ-അരൂക്കുറ്റി പാലത്തിന്‍റെ വരവോടെ, യാത്രാസൗകര്യം മാത്രമല്ല മെച്ചപ്പെട്ടത്. കായൽക്കാഴ്ചകൾക്കുള്ള പുതിയ മാർഗം കൂടിയാണ്.
വള്ളങ്ങളിലുള്ള യാത്രയും മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രയത്നവും കായൽ തുരുത്തുകളുടെ വശ്യതയും പച്ചപ്പും സഞ്ചാരികൾക്ക് എന്നും കൗതുകമാണ്. കൈതപ്പുഴ കായലിലെ കുറുകെയുള്ള അരൂക്കുറ്റി പാലം ഈ കാഴ്ചകൾക്ക് വീഥിയൊരുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.