അരൂർ: സഞ്ചാരികൾക്ക് ചലിക്കുന്ന വിസ്മയക്കാഴ്ചയാണ് കൈതപ്പുഴക്കാലയിലെ ചീനവലകൾ സമ്മാനിക്കുന്നത്. തടിയിൽ ബന്ധിച്ച വലകള്‍ കായലിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് മീന്‍വാരുന്ന കാലങ്ങള്‍ പഴക്കമുള്ള പ്രവർത്തനമാണ് പ്രധാന ആകർഷണം. നിലനിർത്താൻ ഏറെ ക്ലേശമാണങ്കിലും അരൂരിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളികൾ ഇപ്പോഴും ഉപജീവനത്തിന് ചീനവലകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ അരൂരിന്‍റെ അഴകേറും കാഴ്ചകളിൽ ഒന്നാമതായി ഇന്നും നിലനിൽക്കുന്നു.
അരൂരിന്‍റെ പടിഞ്ഞാറെ തീരങ്ങളിൽനിന്ന് സന്ധ്യമയങ്ങിയാൽ പിന്നെ കായലിൽ താഴ്ന്നും പൊങ്ങിയും ചലിക്കുന്ന ചീനവലകളിൽ വൈദ്യുതി പ്രകാശത്തിൽ മിന്നിമറയുന്ന മുത്തുമണികൾ കാണാം. പൊതുവെ ആഴംകുറഞ്ഞ കുമ്പളങ്ങി കായലിൽ നിറയെ ചീനവലകളാണ്. വേമ്പനാട്ടുകായലും കൈതപ്പുഴക്കായലും ചുറ്റുന്ന അരൂരിന്‍റെ തീരപ്രദേശങ്ങളിലും കാഴ്ചക്ക് ഇമ്പം പകരുന്ന ചീനവലകൾ കാണാം. ഈ മനോഹര കാഴ്ചകൾക്ക് മിഴിവ് പകരാൻ വിനോദസഞ്ചാര വകുപ്പിന് കഴിയാറില്ല. സാമ്പത്തിക ചെലവ് ഏറെയുള്ള ചീനവലകൾ സ്ഥാപിക്കാൻ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കാൻ പദ്ധതികൾ ഒരുക്കണം.
സായാഹ്ന സവാരിക്കും കായൽ കാഴ്ചകൾക്കും അരൂരിലെ തീരങ്ങളിൽ സൗകര്യമൊരുക്കിയാൽ കൂടുതൽ സഞ്ചാരികളെത്തും. അരൂർ-ഇടക്കൊച്ചി പാലത്തിൽനിന്ന് നോക്കിയാൽ കുമ്പളങ്ങി കായലിലെ വിസ്മയക്കാഴ്ചകൾ കാണാം. സഞ്ചാരികൾക്ക് ഇരിക്കാൻ കഴിയും വിധം പാലത്തിനോട് ചേർന്ന് സൗകര്യമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞാൽ കുറേക്കൂടി കാഴ്ചക്കാരെ ആകർഷിക്കാൻ അരൂരിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.