അരൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഗതാഗത പരിഷ്കാരം തകിടം മറിഞ്ഞു. ഇതോടെ മണിക്കുറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ജനം നട്ടംതിരിഞ്ഞു. ദേശീയപാതയുടെ പടിഞ്ഞാറെ ഭാഗം പുനർനിർമിക്കാൻ ഗതാഗതം തടയുമെന്നും നിർമാണം നടത്തിയ കിഴക്കുഭാഗത്തെ ദേശീയപാതയിലൂടെ തുറവൂരിൽനിന്ന് എറണാകുളം ഭാഗത്തേക്ക് ഗതാഗതം അനുവദിക്കുമെന്ന തീരുമാനമാണ് തകിടം മറിഞ്ഞത്. അരൂർ മുതൽ തുറവൂർ വരെയുള്ള റോഡിന്റെ ചില സ്ഥലങ്ങളിൽ മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡ് പൂർണ്ണമായും അടച്ചിടാൻ കരാർ കമ്പനി തയാറാകാത്തതാണ് ഗതാഗതക്രമീകരണം തകിടം മറിച്ചത്.
എറണാകുളം ഭാഗത്ത് നിന്നും തെക്കോട്ട് വന്ന വാഹനങ്ങളെ അരൂർ ക്ഷേത്രം ജങ്ഷനിൽ തടഞ്ഞ് കിഴക്കോട്ട് അരൂക്കുറ്റി-പൂച്ചാക്കൽ വഴി തിരിച്ചു വിടുന്ന തീരുമാനം നടപ്പായി. എന്നാൽ അടച്ചിട്ട റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് യാത്രാനുമതി നൽകിയത് ആശയക്കുഴപ്പത്തിന് ഇടവരുത്തി. റോഡിന്റെ വലതുഭാഗത്ത് കൂടി വടക്കോട്ട് പോയ വാഹനങ്ങൾ ഇടക്ക് റോഡിന്റെ മറുഭാഗത്തേക്ക് തിരിച്ചുവിട്ടത് ഗതാഗത സംവിധാനത്തെയാകെ തകിടം മറിച്ചു.
ഏത് റോഡിലൂടെ എങ്ങോട്ട് സഞ്ചരിക്കുമെന്ന ആശയക്കുഴപ്പത്തിൽ വാഹനങ്ങൾ ഓടിക്കുന്നവരും കുടുങ്ങി. വഴിതെറ്റിയ വാഹനങ്ങളെ ശരിയായദിശയിലേക്ക് തിരിച്ചുവിടാൻ പൊലീസും മറ്റ് ട്രാഫിക് സഹായികളും ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. ഉയരപ്പാത നിർമാണ കമ്പനി അധികൃതരുമായി ജില്ലകലക്ടറുമായുണ്ടാക്കിയ ഗതാഗത -നിർമാണ ധാരണകൾ കുറച്ചുകൂടി മുൻകൂട്ടി ജനങ്ങളെ അറിയിക്കാൻ ജില്ല ഭരണകൂടത്തിന് കഴിയാതിരുന്നതും ജനങ്ങളെ ദുരിതത്തിലാക്കി.
എറണാകുളത്തും മറ്റുംജോലിക്ക് പോയിരുന്നവർ ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ മാത്രമാണ് അരൂർ, ചന്തിരൂർ, കുത്തിയതോട് പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ എത്തുകയില്ലെന്ന് അറിയുന്നത്. ബസ്സുകൾ പോകാത്ത സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷ പോലും കടത്തിവിടാൻ കരാർ കമ്പനി അധികൃതർ തയാറാകാതിരുന്നത് ജനങ്ങളെ വലച്ചു. ആവശ്യങ്ങളും സങ്കടങ്ങളും പറയാൻ പോലും അധികാരികളെ ലഭിക്കാതിരുന്നത് ജനങ്ങളെ പ്രതിഷേധത്തിലാക്കി.
ശരിയായ മാർഗനിർദ്ദേശം കൊടുക്കാൻ പൊലീസ് എല്ലാ ജങ്ഷനിലും ഉണ്ടാകണമെന്ന് കലക്ടർ നിർദേശിച്ചെങ്കിലും ശനിയാഴ്ച എല്ലാം അലങ്കോലമായി. വെള്ളിയാഴ്ച വൈകീട്ട് ചന്തിരൂർ സ്കൂളിലെ കുട്ടികൾ ബസുകൾ നിർത്താത്തതിനെക്കുറിച്ച് ജില്ല കലക്ടറോട് പരാതിപറഞ്ഞപ്പോൾ തന്നെ പൊലീസ് അധികാരികൾക്ക് ബസ് നിർത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് നിർദ്ദേശം നൽകിയതാണ്. എന്നാൽ അന്ന് വൈകിട്ട് പോലും ബസ്സുകൾ സ്റ്റോപ്പിൽ നിർത്തി കുട്ടികളെ കയറ്റാൻ കൂട്ടാക്കിയില്ല. ഇതിനെതിരെ നടപടിയെടുക്കാൻ പൊലീസും തയാറായില്ല. കോടതിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് കലക്ടർ സന്ദർശനം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ദേശീയപാതയിലെ കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴിവാക്കാനും സ്റ്റോപ്പുകളിൽ നിർത്തി കുട്ടികളെ കയറ്റാനും കലക്ടർ നിർദ്ദേശിച്ചെങ്കിലും ഒന്നും പ്രാവർത്തികമായില്ല. ഉദ്യോഗസ്ഥരുടെ മുന്നിൽ സമ്മതിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ നിർമാണ കമ്പനി അധികൃതരും തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.