അരൂർ: മാനവ സഞ്ചാരത്തിന് ഹൃദ്യമായ സ്വീകരണമാണ് ജനങ്ങൾക്കിടയിൽനിന്ന് ലഭിക്കുന്നതെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ആലപ്പുഴ ജില്ലയിൽ മാനവസഞ്ചാരത്തിനെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
മതസ്പർധ വളർത്താൻ പറ്റിയ രീതിയിലുള്ള പ്രചാരണങ്ങളും ചിന്താഗതികളും മുളയിലേ നുള്ളുക എന്ന ലക്ഷ്യത്തോടെ നവംബർ 16ന് കാസർകോട് നിന്നാരംഭിച്ച് ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയാണിത്. സമുദായങ്ങൾ തമ്മിൽ അടുക്കുക, സ്നേഹം സ്ഥാപിക്കുക, സാഹോദര്യം വളർത്തുക എന്നിവയാണ് യാത്രയുടെ ലക്ഷ്യം. അതോടൊപ്പം കർഷകരെയും കർഷക തൊഴിലാളികളെയും മറ്റും നേരിട്ട് കാണാനും അവരോട് സംവദിക്കാനുമാണ് യാത്ര ലക്ഷ്യമിടുന്നത്. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യും. സംരംഭകരെ കണ്ട് അവരുടെ വികസന കാഴ്ചപ്പാടുകൾ പങ്കുവക്കും -അദ്ദേഹം പറഞ്ഞു.
ആശയങ്ങളെ സംയോജിപ്പിക്കുക എന്നത് മാനവിക ഐക്യത്തിന്റെ ലക്ഷ്യമല്ല. സ്നേഹബന്ധങ്ങൾ നിലനിർത്താൻ പരസ്പര വിരോധവും സംഘർഷങ്ങളും ഒഴിവാക്കുകയാണ് മാനവികതയുടെ പരമ ലക്ഷ്യം. മുസ്ലിം സമുദായത്തിനെതിരെ സംഘടിതമായ ഒരു നീക്കവും കാണുന്നില്ല. മുസ്ലിംകളുടെ ഭാഗത്തുനിന്ന് വർഗീയമായ കാഴ്ചപ്പാടുകൾ ഉണ്ടാകുമ്പോൾ മറ്റു സമുദായങ്ങളും വർഗീയമായി ചിന്തിക്കാനിടയാകും. അത് സമുദായ ധ്രുവീകരണത്തിന് ഇടവരുത്തും. മുസ്ലിം സമുദായത്തെ ശത്രുവായി കാണുന്ന സമീപനം മാർക്സിസ്റ്റ് പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്ന് കരുതുന്നുമില്ല. മുസ്ലിംകളെ മറ്റൊരു പക്ഷത്ത് നിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽപെട്ട ആരും തന്നെ അങ്ങനെയൊരു വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ടെന്ന് വിചാരിക്കുന്നുമില്ല -അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.