അരൂർ: രാഷ്ട്രീയസംവാദങ്ങൾ കലക്കിയിട്ട കുളത്തിൽ തെളിനീർ നിറയാൻ രാഷ്ട്രീയ പാർട്ടികൾതന്നെ ഒടുവിൽ മനസ്സുവെച്ചു. അഴുക്കുനിറഞ്ഞ് ഒന്നിറങ്ങാൻപോലും ആരും മടിക്കുന്ന നിലയിൽ കിടക്കുന്ന എരിയകുളം അഴകോടെ നിലനിർത്താനുള്ള പരിശ്രമത്തിലാണ് അരൂർ പഞ്ചായത്ത്.
രാജഭരണകാലം മുതലുള്ള ചരിത്രമുണ്ട് ഈ കുളത്തിന്. നാട്ടിൽ ദാരിദ്ര്യം കലശലായപ്പോൾ ജോലിക്ക് ഭക്ഷണം എന്ന വ്യവസ്ഥയിൽ രാജശാസനപ്രകാരം അനേകരായ നാട്ടുകാർ ഒത്തുചേർന്ന് കുഴിച്ചതാണ് എരിയകുളമെന്ന് പഴമക്കാർ. ചുറ്റും കരിങ്കല്ലുകെട്ടി മൂന്ന് വശങ്ങളിൽ പടവുകൾ നിർമിച്ച് രാജഭരണത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു അരൂരിന്റെ ഈ ജലാശയം. രാജഭരണത്തിനുകീഴിൽ ദേശങ്ങളിൽ കുളങ്ങൾ ഐശ്വര്യത്തിന്റെ ചിഹ്നമായിരുന്നു.
രാജാവ് യുദ്ധം ജയിച്ചാലും രാജാവിന് ഉണ്ണി പിറന്നാലും... അങ്ങനെ സന്തോഷം ഉണ്ടാക്കുന്ന എന്ത് നടന്നാലും രാജ്യത്തിന്റെ ഏതെങ്കിലും ദേശത്ത് ഒരുകുളം കുഴിക്കുമായിരുന്നു. കുളങ്ങൾ വലിയ വീടുകളിലും ദേവാലയങ്ങളിലും മാത്രമുള്ളപ്പോൾ, സകല ജാതി മതക്കാർക്കും അലക്കി നനച്ച് കുളിക്കാൻ ദേശത്തിൽ ഒരു പൊതുകുളം പണ്ട് ഒരു രാജമുദ്രയായിരുന്നു.
സ്വന്തമായി കുളിക്കാൻ കുളമില്ലാത്ത നാട്ടുകാർക്ക് മാത്രമല്ല, പരദേശികൾക്കും നാടോടികൾക്കും ഉത്സവങ്ങൾക്കും പെരുന്നാളിനും അരൂരിൽ എത്തുന്ന കച്ചവടക്കാർക്കും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും തെളിനീർ നിറഞ്ഞ കുളം അനുഗ്രഹമായിരുന്നു. ജനായത്ത ഭരണം വന്നപ്പോഴും അരൂരിലുള്ള ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായിരുന്നു എരിയ കുളം.
എന്നാൽ, മൂവാറ്റുപുഴയിൽനിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ചേർത്തല താലൂക്കിലാകെ കുടിവെള്ളം എത്തിക്കാനുള്ള വലിയ ജലവിതരണ പദ്ധതിയായ ജപ്പാൻ കുടിവെള്ള പദ്ധതിക്കുവേണ്ടി കൂറ്റൻ ജലസംഭരണി നിർമിക്കാൻ കുളത്തിന്റെ മുക്കാൽഭാഗവും നികത്തിയെടുത്തു.
പൂഴിനിറച്ച് പാഞ്ഞെത്തിയ ടിപ്പർലോറികൾ അന്നത്തെ അരൂർ വില്ലേജ് ഓഫിസർ ശ്രീകുമാർ തടഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന കുളവും ബാക്കി ഉണ്ടാകുമായിരുന്നില്ല. വികസനത്തിന്റെ പേരുപറഞ്ഞ് പലവട്ടം കുളം നികത്താൻ അധികാരികൾതന്നെ ശ്രമിച്ചു. ഒടുവിൽ അരൂർ പോലീസ് സ്റ്റേഷന് സ്വന്തമായി സ്ഥലമില്ലെന്നും ദേശീയപാതക്കരികിൽ സ്റ്റേഷൻ നിർബന്ധമായും നിർമിക്കണമെന്നും ഇതിന് കുളം നികത്തുകയാണ് പോംവഴിയെന്നും അധികാരികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പലകുറി ശ്രമിച്ചു.
സ്റ്റേഷൻ നിർമിക്കാൻ സർക്കാർ അനുവദിച്ച തുക പാഴായിപ്പോകുമെന്നും ഇവിടെ ഉടൻ പൊലീസ് സ്റ്റേഷൻ നിർമിക്കണമെന്നും വാശിപിടിച്ചു. പരിസ്ഥിതി പ്രവർത്തകരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം ബാക്കിയായതാണ് നിലവിലെ എരിയ കുളം. അരൂർ ഗ്രാമപഞ്ചായത്ത് ഇടതു, വലതുമുന്നണികൾ ഭരിച്ചപ്പോഴൊന്നും കുളം സംരക്ഷിക്കാൻ നടപടിയുണ്ടായില്ല.
അത്രയേറെ സമ്മർദമുണ്ടായിരുന്നു. നാട്ടുകാരുടെ പിന്തുണയിൽ ഒരുകൂട്ടം പരിസ്ഥിതി സ്നേഹികൾ കടുത്ത പോരാട്ടം നടത്തിയാണ് കുളം നിലനിർത്തിയത്.
ഏരിയ കുളത്തിന്റെ സംരക്ഷണവും നവീകരണവും അരൂർ ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലാണിപ്പോൾ. മഴവെള്ള സംഭരണിയായി കുളം നിലനിർത്തുകയും ശുചീകരിച്ച് സംരക്ഷിക്കുകയും ചെയ്യും.
വശങ്ങളിൽ കല്ലുകെട്ടി പ്രഭാതസവാരി നടത്താനും വൈകുന്നേരങ്ങളിൽ വന്നിരിക്കാനും കുട്ടികൾക്ക് വിനോദിക്കാനും ഒരു പൊതുയിടം അരൂർ നിവാസികളുടെ ഏറക്കാലത്തെ ആഗ്രഹവും സഫലമാക്കാനൊരുങ്ങുകയാണ്.
ഇതിനായി 50 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി. ടെൻഡർ-നിർമാണ കരാർ നടപടികൾ ഈ മാസംതന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി പറഞ്ഞു. സ്വീകാര്യമാക്കാൻ കഴിയുന്ന നവീകരണ മാതൃകകൾ പഞ്ചായത്തിനെ അറിയിച്ചാൽ സ്വീകരിക്കാൻ കഴിയുന്നവ ഉൾക്കൊള്ളുമെന്നും പ്രസിഡൻറ് സൂചിപ്പിച്ചു.
പഞ്ചായത്ത് ഓഫിസിന്റെ മുറ്റത്ത് നിൽക്കുന്ന നാഗലിംഗമരം വെട്ടിമാറ്റാൻ പഞ്ചായത്ത് അധികാരികൾ തീരുമാനിച്ചപ്പോൾ അതിനെതിരെ രംഗത്തുവന്നാണ് പരിസ്ഥിതിക്കായി നിലകൊണ്ടത്. സമാന ചിന്താഗതിക്കാരും മാധ്യമപ്രവർത്തകരും തോളോടുതോൾ ചേർന്ന് നിന്നപ്പോൾ മരം നിലനിർത്താനായി. പിന്നെ, പഞ്ചായത്ത് ഓഫിസിനരികിൽതന്നെ എരിയകുളം മറ്റ് അധികാരികളുടെ നിർദേശപ്രകാരം നികത്താൻ തീരുമാനിച്ചതിനെതിരായ പ്രക്ഷോഭമായിരുന്നു. പഞ്ചായത്ത് ഓഫിസിനുമുന്നിൽ പന്തൽകെട്ടി സമരം നടത്താൻ തീരുമാനിച്ചതും പല പ്രമുഖരും എരിയകുളം നിലനിർത്താൻ രംഗത്തെത്തിയതും കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് പ്രകൃതി സംരക്ഷണത്തിന്റെ രാഷ്ട്രീയമുണ്ടെന്നുള്ള പ്രഖ്യാപനമായി. കുളം നിലനിർത്താൻ സമരം നടത്തുന്നയാൾ എന്ന നിലയിൽ അരൂർ പൊലീസ് ശത്രുപക്ഷത്ത് നിർത്തി മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഈ മനോവിഷമങ്ങൾക്കെല്ലാം പരിഹാരമായത് ഹൈകോടതിയിൽനിന്ന് കുളം നിലനിർത്താൻ വിധി ലഭിച്ചപ്പോഴാണ്. ഈ ആവശ്യംതന്നെ ഉന്നയിച്ച് ഹൈകോടതിയെ സമീപിക്കാൻ ചില സംഘടനകളും വ്യക്തികളും എത്തിയതും ആശ്വാസമായി. അരൂരിലാകെ എരിയകുളം ഒരാവശ്യമാക്കി മാറ്റിയത് ഇവിടത്തെ ജനങ്ങൾതന്നെയാണ്. ഇനിയും കുളത്തിന് ഏൽക്കുന്ന ക്ഷതങ്ങൾക്ക് രക്ഷകരായി ജാഗ്രതയോടെ നമ്മൾ ഉണ്ടാകണം.
അരൂരിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സാണ് ഏരിയ കുളം. പക്ഷേ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ആവിർഭാവം മറ്റെല്ലാ ശുദ്ധജല സ്രോതസ്സിനുമെന്നപോലെ വലിയ അവഗണനയാണ് ഏരിയ കുളത്തിനുമുണ്ടാക്കിയത്. പദ്ധതിയുടെ അരൂരിലെ കുടിവെള്ള ടാങ്കുപോലും അത് നികർത്തിയെടുത്താണ് നിർമിച്ചത്. പിന്നീടത് പൂർണമായി നികർത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന ചിലരുടെ നിർദേശം, ശക്തമായ ജനകീയ പ്രതിഷേധത്തിലും കോടതി ഉത്തരവിലും മാറ്റപ്പെട്ടിട്ടും ഇന്നും ഏരിയ കുളമൊരു മാലിന്യനിക്ഷേപ കേന്ദ്രമായാണ് നിലകൊള്ളുന്നത്. അതിന് മാറ്റംവരണം. നാട്ടിൽ ശുദ്ധജലത്തിന്റെ ഭാവിയിലെ പ്രധാന്യം തിരിച്ചറിഞ്ഞ് കുളം നല്ലനിലയിൽ സംരക്ഷിക്കാൻ അരൂർ പഞ്ചായത്തടക്കം എല്ലാ ഉത്തരവാദിത്തപ്പെട്ടവരും ശക്തമായി ഇടപെടണം. കുളത്തിന് സംരക്ഷണത്തിനും നവീകരണത്തിനും ചില നടപടികൾ പഞ്ചായത്ത് സ്വീകരിക്കുന്നുവെന്ന വാർത്ത സന്തോഷം ഉണ്ടാക്കുന്നുണ്ട്. നവീകരണവും പരിഷ്കാരവും നിലനിർത്തുകകൂടി വേണം.
അരൂരിന്റെ ഐശ്വര്യമാണ് എരിയകുളം. നവീകരണ പ്രവൃത്തിയിലൂടെ അരൂരിലെ ഏറ്റവും മനോഹരമായ സ്ഥലമായി കുളവും ചുറ്റുവട്ടവും മാറും. ശുദ്ധജല സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കുവേണ്ടി വകയിരുത്തിയ പഞ്ചായത്തിന്റെ 25 ലക്ഷവും ജില്ല പഞ്ചായത്ത് അനുവദിക്കുന്ന 25 ലക്ഷവും ചേർത്ത് 50 ലക്ഷം രൂപയുടെ നവീകരണപരിഷ്കാര പ്രവൃത്തികളാണ് തൊട്ടടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.
ജപ്പാൻ കുടിവെള്ള പദ്ധതിക്കുവേണ്ടി നിർമിച്ചിരിക്കുന്ന കൂറ്റൻ ജലസംഭരണിയിരിക്കുന്ന സ്ഥലം മതിൽകെട്ടി വേർതിരിച്ച് കുളത്തിന് കമനീയമായ പടവുകൾ നിർമിച്ച്, ചുറ്റും വൈദ്യുതിദീപങ്ങൾ തെളിച്ച് വൈകുന്നേരങ്ങളിൽ സ്വസ്ഥമായി വന്നിരിക്കാൻ ചാരുബെഞ്ചുകളും നടക്കാൻ ടൈൽസ് പാകിയ നിരത്തുകളും ഇവിടെ സജ്ജമാക്കും. ടേക്ക് എ ബ്രേക്കിനുവേണ്ടി പഞ്ചായത്തിനരികിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ഓപൺ സ്റ്റേജ് പൂർത്തീകരിക്കുന്നതോടെ അരൂരിന്റെ കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികളും ചേർന്ന് സ്വപ്നതുല്യമാകും ഏരിയകുളത്തിന്റെ മനോഹരതീരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.