അരൂരിൽ മത്സ്യംവിളയുന്ന പാടങ്ങൾ: രുചി നുണയാൻ 'ഫാം ടൂറിസം'

അരൂർ: അരൂർ മണ്ഡലത്തിൽ മത്സ്യം വിളയുന്ന പാടങ്ങൾ അനവധി. കടലിന് അധികം ദൂരത്തല്ലാതെ കിടക്കുന്ന വിസ്തൃതമായ കരിനിലപാടങ്ങളിലെ മത്സ്യകൃഷി ആസ്വദിക്കാനും വിവിധ മത്സ്യവിഭവങ്ങളുടെ കൊതിയൂറും രുചി നുണയാനും വിദേശരാജ്യങ്ങളിൽനിന്ന് പോലും എത്തുന്ന സഞ്ചാരികൾ നിരവധി. അരൂർ മേഖലയിലെ കായലിന് അരികിലുള്ള മറ്റു മത്സ്യപ്പാടങ്ങളിലേക്കും സന്ദര്‍ശകരെ അനുവദിക്കാൻ തയാറായാൽ ഫാം ടൂറിസം വികസിപ്പിക്കാനാകും.

കായലിന്റെ ഭംഗി ആസ്വദിക്കാനും വൈവിധ്യമാർന്ന മീൻ രുചിയിൽ ചോറുണ്ണാനും കൊതിയുണ്ടോ? ഉണ്ടെങ്കിൽ അരൂരിലെ അക്വാഫാമിലേക്ക് പോരൂ. എഴുപുന്ന, പട്ടണക്കാട്, കുത്തിയതോട്, കോടംതുരുത്ത്, ചങ്ങരം, പട്ടണക്കാട് എന്നിവിടങ്ങളിലാണ് മത്സ്യഫാമുകൾ അധികവും.

കേടുപാടുകള്‍ തീര്‍ത്തും മോടി പിടിപ്പിച്ചും പുതുമകളോടെയാണ് മത്സ്യഫാം സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങിയത്. ജലവിനോദ സഞ്ചാരകേന്ദ്രങ്ങൾ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുനരാരംഭിക്കുമ്പോള്‍ നൂതനമായ പല ടൂറിസം പാക്കേജുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മത്സ്യപ്പാടത്തിനു ചുറ്റുമുള്ള വലിയതോടുകളിൽ നീണ്ട ജലയാത്ര പ്രധാന ആകര്‍ഷണമാണ്. ചങ്ങരത്ത് കിലോമീറ്റർ നീളുന്ന വലിയ തോടുകളിലൂടെയുള്ള ജലയാനയാത്ര ഗ്രാമ്യ ജീവിതത്തിന്റെ നേർക്കാഴ്ചകൾക്കൊപ്പംവിവിധ രാജ്യങ്ങളിൽ എത്തുന്ന നിരവധി പക്ഷികളെ നിരീക്ഷിക്കാനും സഹായിക്കും. അന്ധകാരനഴി കടൽത്തീരം വരെ നീളുന്ന യാത്ര കടലോരക്കാഴ്ചകൾക്കും വിശ്രമത്തിനും അവസരം നൽകും.

പൂമീന്‍ ചാട്ടം, കുട്ടവഞ്ചി, സോളാര്‍ ബോട്ട്, വാട്ടര്‍സൈക്കിള്‍, പെഡല്‍ ബോട്ടിങ്, റോയിങ് ബോട്ട് എന്നിവയെല്ലാം ഇവിടെ ചിലയിടങ്ങൾ സജ്ജമാക്കിയെങ്കിലും കുറേക്കൂടി ഊർജിതമാക്കണം. വനിത സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ കൊതിയൂറുന്നതും വൈവിധ്യമാര്‍ന്നതുമായ മത്സ്യവിഭവങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കാനും പദ്ധതിയുണ്ട്. ചൂണ്ടയിട്ട് ലഭിക്കുന്ന മീനുകള്‍ ആവശ്യാനുസരണം പാചകം ചെയ്തുകഴിക്കാം.

മീനിന്റെ വില നല്‍കിയാല്‍ ചൂണ്ടയില്‍ കൊത്തുന്ന മത്സ്യം കൊണ്ടുപോകാം. ഫാമിൽനിന്നും പിടിക്കുന്ന ഫ്രഷ് മത്സ്യം കൊണ്ടുണ്ടാക്കുന്ന മത്സ്യവിഭവങ്ങൾ ടൂറിസത്തിലെ സവിശേഷ ആകർഷണീയമാകും.കക്ക, ഞണ്ട്, ചെമ്മീന്‍, തുടങ്ങിയവയും ആകർഷകമായ വിഭവങ്ങളാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലസിക്കാനാണ് അക്വാ ടൂറിസം സെന്ററുകള്‍ ഏറ്റവും അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.  

Tags:    
News Summary - Fish Farms in Arur: 'Farm Tourism' to Indulge in Taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.