അരൂർ: ചെമ്മീൻ സംസ്കരണ-കയറ്റുമതി രംഗത്തെ അനുബന്ധ വ്യവസായങ്ങളിൽ മുഖ്യമായ ഐസ് വ്യവസായം തകർച്ചയുടെ വക്കിൽ. 2000 വരെ ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ ഐസ് വ്യവസായത്തിന് സുവർണകാലമായിരുന്നു. അരൂർ മേഖലയിൽ ചെമ്മീനുമായി ബന്ധപ്പെട്ട് വ്യവസായം നടത്തിയ ഒട്ടേറെപ്പേർ ഐസ് ഫാക്ടറി ഉടമകളുമായി. വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഫാക്ടറികൾക്ക് വൈദ്യുതി സബ്സിഡിപോലും ഏർപ്പെടുത്തി. എന്നാൽ, തൊണ്ണൂറുകളിൽ ഇത് പിൻവലിച്ചു. നൂറോളം ഫാക്ടറികൾ ഉണ്ടായിരുന്ന താലൂക്കിൽ ഇപ്പോൾ 42 എണ്ണം മാത്രമാണുള്ളത്. ഇതിൽ പലതും കയറ്റുമതി ഫാക്ടറികൾക്കൊപ്പം പ്രവർത്തിക്കുന്നവയാണ്. ഉൽപാദനച്ചെലവ് വർധിച്ചതും ഉൽപന്നത്തിന് ആവശ്യക്കാർ ഇല്ലാതായതുമാണ് മുഖ്യമായും ഐസ് വ്യവസായത്തിന്റെ തകർച്ചക്ക് കാരണം.
മത്സ്യക്ഷാമം തന്നെ പ്രതിസന്ധി
കേരളതീരങ്ങളിൽ മത്സ്യക്ഷാമം രൂക്ഷമായതാണ് ഐസ് വ്യവസായത്തിന്റെ തകർച്ചക്ക് മുഖ്യകാരണം. ഐസിന്റെ ആഭ്യന്തര വിപണി മൂന്ന് പതിറ്റാണ്ടുകാലം സജീവമായിരുന്നു. കേരളതീരങ്ങളിൽനിന്ന് വാങ്ങുന്ന ചെമ്മീൻ വണ്ടികളിൽ കയറ്റുമ്പോൾതന്നെ ഐസ് ചെയ്യുമായിരുന്നു. ചെമ്മീൻ ലഭ്യത ഇവിടെ കുറഞ്ഞതോടെ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരാൻ തുടങ്ങി. രാത്രികാലങ്ങളിൽ കമ്പനികളിൽ എത്തുന്ന ചെമ്മീൻ ഇറക്കിയാൽ ഉടൻ ഐസ് ഇടും.
അടുത്തദിവസം കമ്പനികളിലേക്ക് സംസ്കരണത്തിന് മാറ്റുമ്പോഴും ഐസ് ആവശ്യമായിവരും. എന്നാൽ, ഇപ്പോൾ ഐസുലേറ്റഡ് വാനുകളിൽ എത്തിക്കുന്ന ചെമ്മീൻ കേരളത്തിലെ കമ്പനികളിൽ കൊണ്ടുവന്ന് ഇറക്കുമ്പോൾപോലും ഐസിന്റെ ആവശ്യം വരുന്നില്ല. കായലുകളിലും മത്സ്യലഭ്യത കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും ഐസിന് ആവശ്യക്കാരില്ലാതായി.
തണുപ്പ്, പക്ഷേ തൊട്ടാൽ പൊള്ളും
മുതൽ മുടക്ക് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പുതുതായി ആരും ഈ വ്യവസായത്തിലേക്ക് കടന്നു വരുന്നില്ല. ഐസ് വ്യവസായത്തിന് പ്രാദേശിക സമ്മതം ലഭിക്കാനും ഒട്ടേറെ കടമ്പകളുണ്ട്. കുറഞ്ഞത് 15 സെൻറ് സ്ഥലമെങ്കിലും പ്ലാൻറ് തുടങ്ങാൻ ആവശ്യമാണ്. പരിസരവാസികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. ഗ്യാലൻ കണക്കിന് വെള്ളമൂറ്റുന്ന വ്യവസായത്തെ പ്രാദേശികമായി ആരും പ്രോത്സാഹിപ്പിക്കുന്നില്ല. 500 ബ്ലോക്കിന്റെ ഐസ് പ്ലാൻറ് നിർമിക്കാൻ ഏകദേശം ഒന്നരക്കോടി രൂപ ചെലവ് വരും. ഗ്യാസായി അമോണിയയും ഉപ്പും വെള്ളവുമാണ് വ്യവസായത്തിന്റെ അസംസ്കൃത പദാർഥങ്ങൾ. ഐസ് നേരത്തേ നിർമിച്ചിരുന്നത് ഇരുമ്പ് കാനുകളിലാണ്. എന്നാൽ, ഫുഡ് സേഫ്റ്റി വകുപ്പിന്റെ നിബന്ധനകൾക്കനുസരിച്ച് തുരുമ്പില്ലാത്ത സ്റ്റീൽ കാനുകളിൽ വേണം ഐസ് നിർമിക്കാൻ. ഒരു സ്റ്റീൽ കാനിന് 20,000 രൂപയാണ് വില. ഫാക്ടറിയിലെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഈടാക്കുന്നത് സമയമനുസരിച്ചാണ്. വൈകീട്ട് ആറുമുതൽ 10 വരെ ഒരു യൂനിറ്റിന് ഒമ്പതുരൂപയാണ് നിരക്ക്. പകലാണെങ്കിൽ കുറയും.
25,000 മുതൽ 30,000 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഐസ് പ്ലാൻറുകൾ അരൂർ മേഖലയിലുണ്ട്. നിരവധി ഫാക്ടറികൾ അരൂർ മേഖലയിൽ പൊളിച്ചുമാറ്റിക്കഴിഞ്ഞു. ചിലർ ഫാക്ടറികൾ ഗോഡൗണുകളാക്കി മാറ്റിയിട്ടുണ്ട്. ഗോഡൗണുകൾ വാടകക്ക് നൽകുന്നത് ഐസ് ഫാക്ടറികൾ നടത്തുന്നതിനെക്കാൾ ലാഭകരമെന്ന് വ്യവസായികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.